മുംബൈ: കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. ലാൻഡിംഗിനിടെയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്നാണ് നിഗമനമെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത റൺവേക്ക് കേടുപാടുകൾ സംഭവിച്ചതായി ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള (സിഎസ്‌എംഐഎ) വക്താവും അറിയിച്ചു.














