
ന്യൂഡല്‍ഹി : ലോകത്തെ തന്നെ ഞെട്ടിച്ച അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ അമേരിക്കയിലും യുകെയിലും നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങളാണ് നീക്കത്തിനു പിന്നില്‍. വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായി ഇവര്‍ ആശയവിനിമയം നടത്തുകയാണെന്നും വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ നിര്‍മാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യതകളാണ് ഇവര്‍ പരിശോധിക്കുന്നത്.
യുകെ ആസ്ഥാനമായുള്ള കീസ്റ്റോണ്‍ ലോയിലെ ജെയിംസ് ഹീലി-പ്രാറ്റ്, ഓവന്‍ ഹന്ന എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ നടക്കുന്നത്, യുഎസ് ആസ്ഥാനമായുള്ള വിസ്‌നര്‍ ലോ ഫേമിലെ വ്യോമയാന വിദഗ്ധരും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണ ബോയിംഗ് 787-8 ഡ്രീംലൈനറില്‍ ഉണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. വിമാനം നല്ല രീതിയില്‍ പരിപാലിക്കപ്പെട്ടിരുന്നു എന്നും പൈലറ്റുമാര്‍ സമര്‍ത്ഥരായിരുന്നുവെന്നും എയര്‍ലൈന്‍ വാദിക്കുന്നു.