
ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന സംഭവത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാനുഷിക പിഴവും പൈലറ്റിന്റെ മനപ്പൂര്‍വ്വമായ ശ്രമമെന്നും വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതോടെ, സംഭവത്തില്‍ ന്യായവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ രംഗത്ത്.
വിമാനാപകടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ സ്വരം പൈലറ്റിന്റെ പിഴവെന്ന രീതിയിലുള്ള പക്ഷപാതപരമായ സമീപനമാണെന്നും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
ജൂണ്‍ 12 ന് നടന്ന അതിദാരുണമായ ബോയിംഗ് 787-8 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്. എയര്‍ ഇന്ത്യ വിമാനമായ AI171 ന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം ഒരു സെക്കന്‍ഡിനുള്ളില്‍ വിച്ഛേദിക്കപ്പെട്ടതായും ഇത് കോക്ക്പിറ്റില്‍ ആശയക്കുഴപ്പമുണ്ടാക്കിയതായും ഇതോടെവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ നിലത്തേക്ക് വീഴുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്തിനാണ് എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയതെന്നു ചോദിക്കുന്ന പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നിരുന്നു.
അതേസമയം, സ്വാഭാവിക മാനസികാവസ്ഥയിലുള്ള ഒരു പൈലറ്റും സ്വയം ഇത്തരമൊരു അപകടം വിളിച്ചുവരുത്തില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍, എന്ന റാറ്റ് പുറത്തേക്കു വന്നത് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഒന്നാം എന്‍ജിന്റെ ഇന്ധന സ്വിച്ച് ഓണ്‍ചെയ്ത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഓക്സിലിയറി പവര്‍ യൂണിറ്റ് അഥവാ, എപിയു പ്രവര്‍ത്തനക്ഷമമായെന്ന് കണ്ടെത്തിയിട്ടുണ്ട്. എപിയു പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ റാറ്റ് സ്വയം പുറത്തുവരില്ല. പൈലറ്റാകും റാറ്റ് ഓണ്‍ ചെയ്തിട്ടുണ്ടാകുക. പൈലറ്റ് മനപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തിയില്ല എന്നതിന് ഉദാഹരണമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തന രഹിതമാകുമ്പോള്‍ മാത്രം വിമാനത്തിന്റെ അടിയില്‍ നിന്ന് പുറത്തെത്തി കാറ്റില്‍ കറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങുന്ന ഉപകരണമാണ് റാറ്റ്. വിമാനത്തെ അന്തരീക്ഷത്തില്‍ അല്‍പനേരം നിര്‍ത്താന്‍ ഇത് സഹായിക്കും. വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുമ്പോഴാണ് റാറ്റ് പ്രവര്‍ത്തിക്കുക. ഓക്സിലിയറി പവര്‍ യൂണിറ്റും വിമാനത്തിന് ഊര്‍ജം നല്‍കേണ്ട ബാറ്ററി യൂണിറ്റും പ്രവര്‍ത്തിക്കാതെ വന്നാലെ റാറ്റ് പുറത്തുവരൂ.