
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമായത് എയര്‍ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതിനാലാണെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ നടത്തിയ ഫ്‌ലൈറ്റ് സിമുലേറ്റഡ് പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയിലെ പൈലറ്റുമാരെ ഉപയോഗിച്ച് നടത്തിയ ഫ്‌ലൈറ്റ് സിമുലേറ്ററില്‍ ലാന്‍ഡിങ് ഗിയര്‍, ചിറകുകളുടെ ഫ്‌ളാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാവിഷ്‌കരിച്ചാണ് പരീക്ഷണം നടത്തിയത്.
സാധ്യമായ സാഹചര്യങ്ങള്‍ എല്ലാം പരിശോധിക്കാനാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യും ഔദ്യോഗിക അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, രണ്ട് എന്‍ജിനുകളും ഒരേസമയം എങ്ങനെ തകരാറിലായി എന്നത് സംബന്ധിച്ച് ഇപ്പോഴും അജ്ഞത തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ രണ്ട് ഫ്‌ലൈറ്റ് ഡേറ്റാ റെക്കോര്‍ഡറുകളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ ഇരട്ട എന്‍ജിനുകളില്‍ സംഭവിച്ച തകരാറിനെ കുറിച്ച് എയര്‍ ഇന്ത്യ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്.