
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ എയര്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 600 മില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ലൈന്‍ സര്‍ക്കാരിന് നല്‍കിയ കത്തിലുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടപടി കടുപ്പിച്ചതാടെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി വിലക്കിയത്. ഇത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും വിമാനയാത്രാ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി.
വ്യോമാതിര്‍ത്തി അടച്ചിടലിന്റെ സാമ്പത്തിക ആഘാതത്തിന് ആനുപാതികമായി ഒരു ‘സബ്സിഡി മോഡല്‍’ നടപ്പിലാക്കാന്‍ എയര്‍ ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വ്യോമാതിര്‍ത്തി നിരോധനം പ്രാബല്യത്തില്‍ തുടരുന്നാല്‍ ഓരോ വര്‍ഷവും 50 ബില്യണ്‍ ഇന്ത്യന്‍ രൂപ (ഏകദേശം 591 മില്യണ്‍ ഡോളര്‍) യിലധികം നഷ്ടം ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ കണക്കാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് അയച്ച കത്തിലുണ്ടെന്ന് റോയിട്ടേഴ്സ് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എയര്‍ ഇന്ത്യയോ വ്യോമയാന മന്ത്രാലയമോ തുറന്ന പ്രതികരണമൊന്നും നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമാതിര്‍ത്തി നിരോധനം ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ ചെലുത്തുന്ന ആഘാതം വിലയിരുത്താന്‍ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ കത്ത് അയച്ചത്.
ഇന്ത്യയില്‍ 26.5 ശതമാനം വിപണി വിഹിതമുള്ള എയര്‍ ഇന്ത്യ യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പലപ്പോഴും പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി കടന്നാണ് രാജ്യാന്തര യാത്രകള്‍.











