
ന്യൂഡൽഹി: ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങളിൽ നവീകരണം വേണ്ടതിനാൽ അടുത്ത മാസം മുതൽ വാഷിംഗ്ടൺ ഡിസിയ്ക്കും ഡൽഹിയ്ക്കും ഇടയിലുള്ള സർവീസുകൾ നിർത്തുകയാണെന്ന് എയർ ഇന്ത്യ. നവീകരണ പ്രവർത്തി കാരണം വിമാനങ്ങളിൽ പലതും ലഭ്യമാകില്ലെന്ന് എയർലൈൻ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർലൈനിന്റെ 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ വൻ അപകടത്തിന് രണ്ട് മാസത്തിന് ശേഷമാണ് എയർ ഇന്ത്യയുടെ ഈ പ്രഖ്യാപനം.
സെപ്റ്റംബർ 1 ന് ശേഷം വാഷിംഗ്ടൺ ഡിസിയിലേക്കോ തിരിച്ചോ എയർ ഇന്ത്യ വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുള്ള ആളുകളെ ബന്ധപ്പെടുകയും അവരുടെ മുൻഗണനകൾക്കനുസരിച്ച് മറ്റ് വിമാനങ്ങളിൽ റീബുക്ക് ചെയ്യുകയോ പൂർണ്ണ റീഫണ്ട് നൽകുകയോ ഉൾപ്പെടെയുള്ള മറ്റു യാത്രാ ക്രമീകരണങ്ങൾ എയർ ഇന്ത്യ സജ്ജമാക്കും. എന്നിരുന്നാലും, എയർലൈനിന്റെ ഇന്റർലൈൻ പങ്കാളികളായ അലാസ്ക എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർലൈൻസ് എന്നിവയുമായി സഹകരിച്ച് യാത്രക്കാർക്ക് വേണ്ടി ന്യൂയോർക്ക് (ജെഎഫ്‌കെ), ന്യൂവാർക്ക് (ഇഡബ്ല്യുആർ), ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നീ നാല് യുഎസ് ഗേറ്റ്‌വേകൾ വഴി വാഷിംഗ്ടൺ ഡിസിയിലേക്ക് വൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുടെ ഓപ്ഷൻ തുടരും.
ഇത് യാത്രക്കാർക്ക് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് അവരുടെ ലഗേജ് ചെക്ക്-ഇൻ ചെയ്ത് ഒറ്റ യാത്രാ പദ്ധതിയിൽ യാത്ര ചെയ്യാൻ അവരെ അനുവദിക്കുമെന്ന് എയർ ഇന്ത്യ പറഞ്ഞു. ഇന്ത്യയ്ക്കും കാനഡയിലെ ടൊറന്റോയും വാൻകൂവറും ഉൾപ്പെടെ വടക്കേ അമേരിക്കയിലെ ആറ് ഇടങ്ങളിലേക്ക് എയർ ഇന്ത്യ നോൺ-സ്റ്റോപ്പ് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു.
എയർ ഇന്ത്യയുടെ മൊത്തത്തിലുള്ള റൂട്ട് ശൃംഖലയുടെ വിശ്വാസ്യതയും മറ്റും ഉറപ്പാക്കാറാണ് സെപ്റ്റംബർ 1 മുതൽ ഈ ഈ നടപടിയെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കുന്നത്. എയർലൈൻ കഴിഞ്ഞ മാസം ബോയിംഗ് 787-8 വിമാനങ്ങൾ പുതുക്കിപ്പണിയാൻ തുടങ്ങിയെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്തൃ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തുക എന്നതാണ് ഈ നവീകരണ പരിപാടിയുടെ ലക്ഷ്യമെന്ന് എയർലൈൻ പറഞ്ഞു. പാകിസ്ഥാന് മുകളിലൂടെയുള്ള വ്യോമാതിർത്തി അടച്ചിടൽ എയർലൈനിന്റെ ദീർഘദൂര വിമാന സർവീസുകളെയും ബാധിച്ചു.
കൂടാതെ പാകിസ്ഥാൻ്റെ വ്യോമാതിർത്തി അടച്ചിടൽ എയർലൈനിന്റെ ദീർഘദൂര പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നുണ്ട്. ഇത് ദീർഘമായ വിമാന റൂട്ടിംഗുകൾക്കും പ്രവർത്തന സങ്കീർണ്ണത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വൻ അപകടത്തിന് ശേഷം എയർ ഇന്ത്യയുടെ ഡ്രീംലൈനറുകൾ – 26 ലെഗസി 787-8 വിമാനങ്ങളും ഏഴ് 787-9 വിമാനങ്ങളും – ഇന്ധന സ്വിച്ചുകൾ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയമായെന്നും എയർ ഇന്ത്യ വ്യക്തമാക്കി.