
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഏറ്റവും തിരക്കേറിയ ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കഴിഞ്ഞയാഴ്ച വിമാനങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇത് നൂറുകണക്കിന് വിമാനങ്ങള്‍ വൈകാനും വഴിതിരിച്ചുവിടാനും കാരണമായതോടെ നിരവധി ജീവനക്കാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഏപ്രില്‍ 28 നായിരുന്നു സംഭവം.
ന്യൂയോര്‍ക്കിലെ ഏറ്റവും തിരക്കേറിയ ന്യൂവാര്‍ക്ക് വിമാനത്താവളം ഒരു ആഴ്ചയിലേറെയായി ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്‌ളൈറ്റ് അവെയര്‍ ട്രാക്കിംഗ് വെബ്സൈറ്റ് പ്രകാരം തിങ്കളാഴ്ച മാത്രം 150 ലധികം വിമാനങ്ങള്‍ റദ്ദാക്കി.
‘ഞങ്ങളുടെ കാലഹരണപ്പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം ഞങ്ങളുടെ തൊഴില്‍ സേനയെ ബാധിക്കുന്നു’ എന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഒരു പ്രസ്താവനയില്‍ സമ്മതിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് കണ്‍ട്രോളര്‍മാര്‍ അവധിയെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ച എഫ്എഎ, ‘അവരെ വേഗത്തില്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
അതേസമയം, വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, യുണൈറ്റഡ് എയര്‍ലൈന്‍സ് അവരുടെ ന്യൂവാര്‍ക്ക് ഷെഡ്യൂളില്‍ നിന്ന് പ്രതിദിനം 35 വിമാനങ്ങള്‍ റദ്ദാക്കുന്നതായി അറിയിച്ചു. വിമാനത്താവളത്തിന് അവിടെ സര്‍വീസ് നടത്താന്‍ ‘ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന വിമാനങ്ങളുടെ എണ്ണം കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നിലധികം തവണ, ന്യൂവാര്‍ക്ക് വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ആശ്രയിക്കുന്ന സാങ്കേതികവിദ്യ പരാജയപ്പെട്ടുവെന്നും ഇത് ഡസന്‍ കണക്കിന് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും നൂറുകണക്കിന് വിമാനങ്ങള്‍ വൈകിയതും റദ്ദാക്കിയതിനും കാരണമായെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സിഇഒ സ്‌കോട്ട് കിര്‍ബി പറഞ്ഞു.
അതേസമയം, എത്ര കണ്‍ട്രോളര്‍മാര്‍ അവധി എടുത്തിട്ടുണ്ടെന്നോ എത്ര സമയത്തേക്ക് അവര്‍ക്ക് വിമാനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നോ മറ്റുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല.