വിമാന സർവീസ് പ്രതിസന്ധി; അടുത്ത ആഴ്ച മുതൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഡിഗോ

ന്യൂഡൽഹി: ഈ മാസം ആദ്യം രാജ്യവ്യാപകമായി ഇൻഡിഗോയുടെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകിത്തുടങ്ങുന്നു. അടുത്ത ആഴ്ച മുതൽ നഷ്ടപരിഹാരം നൽകിത്തുടങ്ങുമെന്ന് ഇൻഡിഗോ അറിയിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനമെന്നും ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വ്യോമയാന സെക്രട്ടറി സമീർ സിൻഹ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. അർഹരായ എല്ലാ യാത്രക്കാർക്കും കൂടുതൽ വൈകാതെ പണം ലഭ്യമാക്കണമെന്ന് സർക്കാർ ഇൻഡിഗോയോട് നിർദേശിച്ചു. ഡിസംബർ 3, 4, 5 തീയതികളിൽ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിയതടക്കമുള്ള ഗുരുതരമായി ബാധിക്കപ്പെട്ട യാത്രക്കാർക്ക് ഡിസംബർ 26 മുതൽ 10,000 രൂപ മൂല്യമുള്ള ട്രാവൽ വൗച്ചറുകൾ ഇൻഡിഗോ നൽകും. സർക്കാർ ചട്ടപ്രകാരം നൽകേണ്ട 5,000 മുതൽ 10,000 രൂപ വരെയുള്ള നഷ്ടപരിഹാരത്തിന് പുറമേയാണിത്.

ഇൻഡിഗോയുടെ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം വിതരണം തുടങ്ങുമെന്നും, അവരുടെ വിവരങ്ങൾ എയർലൈനിൻ്റെ കൈവശമുള്ളതിനാലാണിതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ട്രാവൽ ഏജന്റുമാരിലും ഓൺലൈൻ ട്രാവൽ ഏജൻസികളിലും (OTA) നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് പണം നൽകാനും ഇൻഡിഗോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

അർഹരായ എല്ലാ യാത്രക്കാർക്കും നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ന് നൽകി. ബാക്കി പരാതികളും വൈകിപ്പിക്കലുകളും പരിഹരിക്കാൻ എയർ സേവ ഗ്രീവൻസ് പോർട്ടൽ വഴി സിവിൽ ഏവിയേഷൻ മന്ത്രാലയം നടപടികൾ നിരീക്ഷിക്കും.

റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് ഇൻഡിഗോ ആരംഭിച്ചിട്ടുണ്ടെങ്കിലും, OTAകൾ വഴി ടിക്കറ്റ് എടുത്ത നിരവധി യാത്രക്കാർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. എയർലൈൻ, ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ, ബാങ്കുകൾ എന്നിവ തമ്മിലുള്ള ഏകോപനക്കുറവാണ് ഇതിലൂടെ വ്യക്തമാകുന്നത്.

‘മേക്ക്മൈട്രിപ്പ് പോലുള്ള പ്രമുഖ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകൾ ഇൻഡിഗോയിൽ നിന്ന് പണം ലഭിക്കുന്നതിന് മുൻപേ തന്നെ റീഫണ്ടുകൾ നൽകിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ ഏകദേശം 10 കോടി രൂപയുടെ റീഫണ്ട് പ്ലാറ്റ്ഫോം നൽകിയിട്ടുണ്ട്. കഴിഞ്ഞ വാരം DGCA എല്ലാ OTAകൾക്കും ഒരു കുറവും കൂടാതെ യാത്രക്കാർക്ക് പൂർണ റീഫണ്ട് നൽകാൻ നിർദേശം നൽകിയിരുന്നു.

ഡിസംബർ 1 മുതൽ 9 വരെ ഇൻഡിഗോ 4,354 വിമാനങ്ങൾ റദ്ദാക്കി. ഇതിൽ 2,456 ആഭ്യന്തരവും 51 അന്താരാഷ്ട്രവും ഉൾപ്പെടെ 2,507 വിമാനങ്ങൾ ഡിസംബർ 3, 4, 5 തീയതികളിലാണ് റദ്ദാക്കിയത്. ഓരോ വിമാനത്തിലും ശരാശരി 150 യാത്രക്കാരെന്ന കണക്കിൽ, 3.8 ലക്ഷത്തിലധികം പേർക്ക് വൗച്ചറുകൾ ലഭിക്കാൻ അർഹതയുണ്ടാകും. വൈകിയ വിമാനങ്ങളുടെ നഷ്ടപരിഹാരം ഒഴികെ, ആകെ നഷ്ടപരിഹാര തുക 376 കോടി രൂപ കടന്നേക്കുമെന്നാണ് വിലയിരുത്തൽ.

Airline crisis; IndiGo to compensate passengers from next week

More Stories from this section

family-dental
witywide