
ന്യൂഡൽഹി: വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയിൽ. തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി ഹൈക്കോടതിയിൽ നടി ഹർജി നൽകിയിരിക്കുന്നത്. അനുവാദമില്ലാതെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും അനാവശ്യമായി നടിയുടെ ഫോട്ടോകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങൾ എന്നിവ നടപ്പാക്കാനാണ് ഹർജി നൽകിയതെന്ന് നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളില്‍ ഐശ്വര്യയുടെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും യൂട്യൂബിൽ പ്രചരിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങൾ ഉള്ള സ്ക്രീൻഷോട്ടുകൾ ഐശ്വര്യ റായിയുടേതല്ലെന്നും എല്ലാം എഐ സൃഷ്ടിച്ചതാണെന്നും ഐശ്വര്യയുടെ അഭിഭാഷകനായ അഭിഭാഷകൻ സന്ദീപ് സേത്തി പറയുന്നു.
ലൈംഗിക താല്‍പര്യങ്ങള്‍ക്കായി മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ ഉള്‍പ്പെടെ പ്രചരിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇതിനുപുറമെ ഐശ്വര്യയുടെ ചിത്രങ്ങളുള്ള വാൾപേപ്പറുകള്‍, ടീ-ഷർട്ടുകള്‍, കോഫി മഗുകള്‍ എന്നിവ വിൽക്കുന്നതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അനധികൃതമായി നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ വാദം കേട്ട കോടതി അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേസ് അടുത്തവർഷം ജനുവരി 15 ന് പരിഗണിക്കും.