മുത്തങ്ങ, മാറാട്, ശിവഗിരി, പൊലീസ് നടപടികളിൽ അതീവ ദുഃഖം, കോടതി നിർദ്ദേശപ്രകാരമുള്ള നടപടികൾക്കും ഞാൻ മാത്രം പഴി കേട്ടു, ‘ആദിവാസികളെ ചുട്ടുകരിച്ചെന്ന് പോലും’; എകെ ആന്‍റണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. 21 വർഷം മുമ്പ് കേരള രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയെങ്കിലും, ഏകപക്ഷീയമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നതിനാൽ പ്രതികരിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. താൻ ഏറ്റവും ആരാധിക്കുന്നത് ശ്രീനാരായണ ഗുരുദേവനെയാണെന്നും, ചേർത്തലയിലെ സ്കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്കൂൾ എന്നാക്കിയത് തന്റെ അഭ്യർത്ഥന പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. 1995-ലെ ശിവഗിരി സംഭവം തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും, ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നത് നിർഭാഗ്യകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തങ്ങ വെടിവെപ്പിൽ അതിയായ ഖേദം പ്രകടിപ്പിച്ച ആന്റണി, ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് തന്റെ ഭരണകാലത്താണെന്നും എന്നിട്ടും “ആദിവാസികളെ ചുട്ടുകരിച്ചു” എന്ന പഴി കേട്ടുവെന്നും വ്യക്തമാക്കി. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽ കെട്ടിയപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും അവരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, പിന്നീട് നിലപാട് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും, കേന്ദ്രത്തിന്റെ താക്കീതിന് ശേഷമാണ് നടപടിയെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഇറക്കിവിടൽ തെറ്റായിരുന്നെങ്കിൽ, പിന്നീട് ഒരു സർക്കാരും അവിടെ ഭൂമി നൽകാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

ശിവഗിരി സംഭവത്തിൽ, ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസിനെ അയക്കേണ്ടി വന്നുവെന്നും, പ്രകാശാനന്ദയ്ക്ക് അധികാരം കൈമാറാൻ ശാശ്വതീകാനന്ദയും കൂട്ടരും തയ്യാറാകാതിരുന്നതാണ് സംഘർഷത്തിന് കാരണമായതെന്നും ആന്റണി വ്യക്തമാക്കി. കോടതി ഉത്തരവിനെതിരെ രണ്ടുതവണ അനുസരണക്കേട് കാണിച്ചതിന് ശേഷം, കോടതിയലക്ഷ്യ നടപടി ഒഴിവാക്കാൻ മൂന്നാം തവണ നടപടിയെടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിച്ഛായ വീണ്ടെടുക്കാനല്ല, മറിച്ച് വസ്തുതകൾ വ്യക്തമാക്കാനാണ് വാർത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എല്ലാ പൊലീസ് നടപടികളിലും ദുഃഖമുണ്ടെന്നും, ജീവിതത്തിൽ ശരിയും തെറ്റും സംഭവിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. കോൺഗ്രസ് ഉയരങ്ങളിലേക്ക് പോകുകയാണെന്നും, എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൽനൂറ്റാണ്ടായി താൻ ഗ്രൂപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നും, ഇപ്പോൾ വിവാദ വിഷയങ്ങളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാറാട് സംഭവത്തിലും ദുഃഖം പ്രകടിപ്പിച്ചുകൊണ്ടാണ് എകെ ആന്റണി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

Also Read

More Stories from this section

family-dental
witywide