
ജിദ്ദ: പുതിയ സർവീസിന് തുടക്കമിട്ട് ആകാശ എയർ. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസാണ് ആകാശ എയർ ആരംഭിച്ചിരിക്കുന്നത്. ജൂൺ 29 ന് ആരംഭിച്ച നേരിട്ടുള്ള സർവീസിൻ്റെ ഇനി അടുത്ത സർവീസ് ജൂലൈ 6നാണ്. കൊച്ചി-ജിദ്ദ സെക്ടറിൽ ജൂലൈ 13 മുതൽ ആഴ്ച്ചയിൽ 4 പ്രതിവാര സർവീസുകളാണ് ഉള്ളത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ആഴ്ച്ചയിൽ സർവീസുള്ളത്.
ചെലവ് കുറഞ്ഞ യാത്രയാണ് ആകാശ എയർ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മധ്യപൂർവദേശത്തേക്കുള്ള സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള പുതിയ സർവീസ് ഒരുക്കിയിരിക്കുന്നത്. ജിദ്ദയിലെ പ്രവാസി മലയാളികൾക്കൊപ്പം വിവിധ ആവശ്യങ്ങൾക്കായി സൗദി അറേബ്യയിലേക്കും കേരളത്തിലേക്കും എത്തുന്നവർക്ക് ആകാശ എയർ ഏറെ സഹായകരമാണ്. അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു ഗൾഫ് സെക്ടറിൽ ഇതുവരെ സർവീസ് നടത്തിയിരുന്നത്.