
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെൻ്ററിലേക്ക് എത്തും മുമ്പ് തന്നെ ജനസാഗരമായി എകെജി സെൻ്റർ. വി എസിനെ അവസാന നോക്ക് കാണാനായി നിരവധി പേരാണ് എകെജി സെൻ്ററിൽ എത്തിക്കൊണ്ടിരിക്കുന്നത്. ദൂരെയിടങ്ങളിൽ നിന്ന് പോലും നിരവധി ആളുകൾ എത്തിക്കൊണ്ടേയിരിക്കുകയാണ്. ഒഴുകിയെത്തുന്ന ജനസാഗരത്തെ ഉൾക്കൊള്ളാനാവാതെ എകെജി സെൻ്ററും പരിസര പ്രദേശങ്ങളും നിറഞ്ഞു.
അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.
വി എസിനൊപ്പമാണ് സംസ്ഥാനത്തും രാജ്യമൊമ്പാടും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച. ഒരു കെട്ട കാലത്തിൽ നിന്ന് കേരളം ഇന്ന് കാണുന്ന വികസനത്തിൻ്റെയും മുന്നേറ്റവും ഉയർച്ചയിലേക്ക് എത്തുന്നതും വി എസിനൊപ്പമാണ്. വി എസ് ചേർത്തുപിടിച്ച ജനതയും വി എസിനൊപ്പം വളർന്നു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വി എസ് അച്യുതാനന്ദൻ ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വിടവാങ്ങിയത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.