
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ എത്തിച്ചു. ആയിരങ്ങങ്ങൾക്ക് നടുവിൽ തൊണ്ട ഇടറിയുള്ള ലാൽസലാം വിളികൾ മുഴങ്ങിയപ്പോൾ എകെജി സെൻ്ററിലേക്കുള്ള വിഎസിൻ്റെ അവസാന വരവ് കണ്ണീരണിയിക്കുന്നതായിരുന്നു. “ഇല്ല… ഇല്ല… മരിക്കുന്നില്ല… സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിൽ ഒഴുകും ചോരയിലൂടെ…” എന്ന് ആയിരങ്ങൾ മുഷ്ടി ചുരുട്ടി, കൈകൾ ഉയർത്തി മുദ്രാവാക്യങ്ങൾ മുഴക്കി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ ചേർന്ന് വിഎസിന്റെ ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.















