
ജിഎസ്ടി സമ്പ്രദായത്തിൽ കേന്ദ്ര സർക്കാർ നിർദേശിച്ച വൻ മാറ്റങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി, ഇനി 5, 18 ശതമാനം സ്ലാബുകൾ മാത്രമാണ് നിലനിൽക്കുക. പാൽ, പനീർ, ബ്രഡ് തുടങ്ങിയ അവശ്യവസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങിയവയുടെ വില കുറയും. 32 ഇഞ്ച് വരെയുള്ള ടിവികൾക്ക് 18 ശതമാനവും ഹെയർ ഓയിലിന് 5 ശതമാനവുമായിരിക്കും ജിഎസ്ടി. വ്യക്തിഗത ലൈഫ് ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നികുതി നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ജീവൻ രക്ഷാ മരുന്നുകൾക്കും ഇളവ്; പാൻ മസാല, സിഗരറ്റ് വില കൂടും
33 ജീവൻ രക്ഷാ മരുന്നുകൾക്ക് ജിഎസ്ടി ഒഴിവാക്കിയതോടെ രോഗികൾക്ക് ആശ്വാസമാകും. രാസവളവും കീടനാശിനിയും വില കുറയ്ക്കാൻ തീരുമാനിച്ചു, ചെറു കാറുകൾക്കും ജിഎസ്ടി ഇളവ് ലഭിക്കും. എന്നാൽ, പാൻ മസാല, സിഗരറ്റ് തുടങ്ങിയവയുടെ വില വർധിക്കും. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഈ മാറ്റങ്ങൾ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.