
യെമൻ പൗരനായ തലാൽ അബു മഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന് സൂചന. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവൽ ജോണും അറിയിച്ചിട്ടുണ്ട്.
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമനിലെ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ പറഞ്ഞത്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017 ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വിശ്വാസം. മോചനത്തിനായി വിവിധ തലത്തിലുള്ള ഇടപെടലുകൾ തുടരുന്നതിനിടെയാണ് ആശങ്കപെടുത്തുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.