”വിവേചനം കാണിക്കാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം” , ഹിന്ദു നേതാവിന്റെ കൊലപാതകത്തില്‍ ബംഗ്ലാദേശിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ വടക്കന്‍ മേഖലയില്‍ നിന്നും പ്രമുഖ ഹിന്ദു ന്യൂനപക്ഷ നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. ഭാബേഷ് ചന്ദ്ര റോയിയെന്ന നേതാവിനെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

സംഭവത്തെ ഇന്ത്യ രൂക്ഷമായ ഭാഷയില്‍ അപലപിക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍, ന്യൂനപക്ഷ സമൂഹങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിക്കുകയും ചെയ്തു.

‘ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഞങ്ങള്‍ ദുഃഖത്തോടെ ശ്രദ്ധിച്ചു. ഇത്തരം സംഭവങ്ങളുടെ കുറ്റവാളികള്‍ ശിക്ഷാനടപടികളില്ലാതെ വിലസുമ്പോഴും ഇടക്കാല സര്‍ക്കാരിന്റെ കീഴില്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്ന ഒരു മാതൃകയാണ് ഈ കൊലപാതകം കാണിക്കുന്നത്’- വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നുവെന്നും ഒഴികഴിവുകള്‍ കണ്ടുപിടിക്കാതെ, വിവേചനം കാണിക്കാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇടക്കാല സര്‍ക്കാരിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു- ഇന്ത്യ വ്യക്തമാക്കി.

ധാക്കയില്‍ നിന്ന് ഏകദേശം 330 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദിനാജ്പൂര്‍ ജില്ലയിലെ ബസുദേബ്പൂര്‍ ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച 58 കാരനായ റോയിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.