കോയമ്പത്തൂർ : രണ്ട് കിലോ മീറ്റർ അകലെയുള്ള റെസ്റ്റോറന്റിൽ നിന്ന് സ്വിഗ്ഗി ആപ്പ് വഴി ഭക്ഷണ ഓർഡർ ചെയ്തപ്പോൾ അതിന്റെ വില റെസ്റ്റോറന്റിനേക്കാൾ 81 ശതമാനം കൂടുതലെന്ന് ആരോപണം. @SunderjiJB എന്ന സുന്ദർ എന്ന് പേരായ യൂസർ ആണ് ഈ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. ഈ വ്യത്യാസം എങ്ങനെ? വീടിന് രണ്ട് കിലോമീറ്റർ അകലെ തന്നെ ഉള്ള റസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം ആപ്പിലൂടെ ഓർഡർ ചെയ്യുമ്പോൾ എങ്ങനെ 81% അധികം ചാർജ് ചെയ്യുന്നു? ഡെലിവറിക്കായി ഞാൻ അധികം അടച്ചത് ₹663 ആണ് എന്ന് അയാൾ എക്സിൽ കുറിച്ചു. റെസ്റ്റോറന്റ് നിന്ന് നേരിട്ട് ഭക്ഷണം വാങ്ങിയപ്പോൾ ചെലവായത് 810 രൂപയും സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്തപ്പോൾ ബില്ല് 1,473 രൂപയുമായി. 663 രൂപ (81% അധികം) യുടെ വിത്യാസമാണിതെന്നും അയാൾ പറഞ്ഞു.
അതേസമയം, സ്വിഗ്ഗിയിലെ ഈ വില മാറ്റം ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഈ പോസ്റ്റ് 21 ലക്ഷത്തിലധികം തവണ കാണപ്പെടുകയും, നിരവധി പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. വിഷയത്തിൽ സ്വിഗ്ഗി പറയുന്നത് ആപ്പിലുളള മെനുവിലകൾ റെസ്റ്റോറന്റുകളാണ് നിശ്ചയിക്കുന്നത്. ഓൺലൈനിലും ഓഫ്‌ലൈനിലും വില വ്യത്യാസമുള്ളതാകാം, അത് അവരവരുടെ തീരുമാനമാണ് എന്നാണ്. സ്വിഗ്ഗിക്കെതിരായ ഈ പരാതിയോടൊപ്പം തന്നെ, സ്വിഗ്ഗിയും സൊമാറ്റോയും അവരുടെ പ്ലാറ്റ്ഫോം ഫീസ് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായി.
അവസാന 3 ആഴ്ചയ്ക്കുള്ളിൽ സ്വിഗ്ഗി 3 തവണ പ്ലാറ്റ്ഫോം ഫീ വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വിഗ്ഗി ഒരു ദിവസം ഏകദേശം 20 ലക്ഷം ഓർഡറുകളും സോമാറ്റോ ഏകദേശം 23 – 25 ലക്ഷം ഓർഡറുകളും സ്വീകരിക്കുന്നുണ്ട്. രണ്ട് ആപ്പുകളും ഏകദേശം ദിവസം 3 കോടി വീതം വരുമാനവും നേടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും, ചിലപ്പോൾ അതിന് വലിയ വില കൊടുക്കേണ്ടി വരുന്നതാണ് യാഥാർത്ഥ്യം. ഇതിനോടകം ഈ സംഭവം ഭക്ഷണ ഡെലിവറി ആപ്പുകളുടെ വില നയങ്ങൾക്ക് എതിരെ ചോദ്യം ഉയർത്തുന്ന ഒന്നായി മാറിയിട്ടുണ്ട്.














