
അമേരിക്കൻ മലയാളികൾക്ക് എന്നും അഭിമാനവും മാതൃകയുമായ ജോൺ ടൈറ്റസിന്‍റെ ജീവിതം പുസ്തക രൂപത്തിൽ എത്തുന്നു. മെയ് മാസം 4 -ാം തിയതിയാണ് ‘എവിയേഷൻ ആൽക്കമിസ്റ്റ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം. സൗത്ത് ഫ്ലോറിഡയിലെ മാർത്തോമ ചർച്ചിലെ ഫെല്ലോഷിപ്പ് ഹാളിൽ (4740 SW 87 AVE, Davie,Fl.33328) ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 3.30 നാണ് പുസ്തക പ്രകാശനം. ലവ് യുവർ നെയിബർ പ്രോജക്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക് 20 ഡോളർ സംഭവനായി നൽകാവുന്ന തരത്തിലാണ് പുസ്തകത്തിന്‍റെ വില ക്രമീകരിച്ചിരിക്കുന്നത്. ജോൺ ടൈറ്റസും വിനോദ് മാത്യുവും ചേർന്നാണ് പുസ്തകം രചിച്ചിട്ടുള്ളത്.
ജോൺ ടൈറ്റസിനെ അറിയാം
ദീർഘവീക്ഷണം, കഠിനാധ്വാനം, സാമൂഹിക പ്രതിബദ്ധത എന്നിവയിലൂടെ വ്യവസായ – വാണിജ്യ രംഗത്തും സാമൂഹിക – സാംസ്‌കാരിക സംഘടന പ്രവർത്തനത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ജോൺ ടൈറ്റസ്. നാലു പതിറ്റാണ്ട് മുൻപ് ഗ്യാരേജിൽ നിന്നും ആരംഭിച്ച് ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടിയ ആകാശപക്ഷികൾക്ക് ഊടും, പാവും നൽകുന്ന വ്യവസായ – വാണിജ്യ സാമ്രാജ്യത്തിന്‍റെ വിജയകുതിപ്പാണ് ജോൺ ടൈറ്റസിന്റെ ചരിത്രം. അമേരിക്കൻ മലയാളികൾക്ക് മാതൃകയാക്കാനും, അഭിമാനിക്കാനും ഉള്ള ഉത്തമമായ വിജയഗാഥയാണ് ജോൺ ടൈറ്റസിന്റേത്. ഉപരിപഠനാർത്ഥം അമേരിക്കയിലെത്തി പഠനത്തോടൊപ്പം ജോലിയും ചെയ്തു. പിന്നീട് കഠിനപ്രയത്നത്തിലൂടെ തൊട്ടതെല്ലാം പൊന്നാക്കി. വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന എയ്റോ കൺട്രോൾസ് എന്ന കമ്പനിയുടെ സ്ഥാപകനും പ്രസിഡണ്ടുമാണ് അദ്ദേഹം. വിമാനങ്ങളുടെ സർവീസ്, വിഘടീകരണം, ലീസിങ് തുടങ്ങിയ സേവനങ്ങളാണ് എയ്‌റോ കൺട്രോൾസ് നൽകി വരുന്നത്.
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ കേന്ദ്രസംഘടനായ ഫോമയുടെ മുൻ പ്രസിഡന്‍റ്. ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ, ഫോമാ ഫൌണ്ടേഷൻ ചെയർമാൻ എന്നിവ ഉൾപ്പെടെ നിരവധി സാമൂഹിക-സംസ്കാരിക – മത സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട് അദ്ദേഹം. ആലംബഹീനർക്കും, അശരണർക്കും ജോൺ ടൈറ്റസ് – കുസുമം ടൈറ്റസ് ദമ്പതികൾ എന്നും കൈത്താങ്ങായി കൂടെയുണ്ട്. ജീവകാരുണ്യ പ്രവത്തനങ്ങൾക്ക് കൈയയച്ച് സഹായം നൽകാൻ എന്നും ഇവർ തയ്യാറായിട്ടുണ്ട്. ഫോമയുടെ പ്രസിഡണ്ട് ആയിരിക്കെ സ്വന്തമായി 25 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിട്ടുമുണ്ട്. എയ്‌റോ കൺട്രോൾസ് എന്ന സ്ഥാപനത്തിന്റെ വരുമാനത്തിൽ നിന്നും എല്ലാ വർഷവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി തുക നീക്കിവെക്കുന്നു. ഏയ്‌റോ കൺട്രോൾസ് ചാരിറ്റബിൾ ഫണ്ട് വഴി ലോകമെങ്ങുമുള്ള ജീവകാരുണ്യ സംഘനകളെ സഹായിച്ചു വരുന്നു.