ന്യൂയോർക്ക്: ആമസോൺ തങ്ങളുടെ ജീവനക്കാരെ വെട്ടിക്കുറക്കുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്.
ഈ ആഴ്ച ആരംഭിക്കുന്ന പിരിച്ചുവിടലുകൾ എച്ച് ആർ, ഓപ്പറേഷൻസ്, ഉപകരണങ്ങൾ, സേവനങ്ങൾ, ആമസോൺ വെബ് സർവീസസ് തുടങ്ങിയ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗവും പിരിച്ചുവിടലിന് കാരണമാണ് എന്നും റിപ്പോർട്ടുകളുണ്ട്. ആമസോൺ 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ആമസോൺ ചെറിയ തോതിൽ ജീവനക്കാരെ ഒഴിവാക്കി വരുന്നുണ്ട്. പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ അറിയിപ്പുകൾ ചൊവ്വാഴ്ച രാവിലെ നൽകിത്തുടങ്ങുമെന്നും, അതിനുശേഷം ജീവനക്കാരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് തിങ്കളാഴ്ച ബാധിക്കപ്പെട്ട ടീമുകളിലെ മാനേജർമാർക്ക് പരിശീലനം നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ആമസോണിലെ കൂട്ട പിരിച്ചുവിടൽ ചർച്ച ചെയ്യുകയാണ്.
Amazon is again staging a mass layoff, laying off 30,000 corporate employees, action will begin from today













