ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണുകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമ കുമാര്‍ മംഗലം ബിര്‍ളയും ഇന്ത്യന്‍ ആഢംബര വിപണിയില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ 12 ബില്യണ്‍ ഡോളര്‍ കടക്കാന്‍ സാധ്യതയുള്ള റിലയന്‍സിന്റെ ‘ജിയോ വേള്‍ഡ് പ്ലാസ’ യുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി ബിര്‍ള ഗ്രൂപ്പ് ‘ഗാലറീസ് ലഫായെറ്റിനെ’ ആണ് മുന്നോട്ട് വയ്ക്കുന്നത്.
ആദിത്യ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ച് ലോകപ്രശസ്ത ഫ്രഞ്ച് ആഢംബര ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറായ ‘ഗാലറീസ് ലഫായെറ്റ്’ മുംബൈയില്‍ ആരംഭിച്ചതാണ് മത്സരത്തിന് തീവ്രത കൂട്ടിയത്. ഗുച്ചി, ഡിയോര്‍ തുടങ്ങി ഡസന്‍ കണക്കിന് ലോകോത്തര ബ്രാന്‍ഡുകളുടെ ബൂട്ടിക്കുകള്‍ ഉള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ‘ജിയോ വേള്‍ഡ് പ്ലാസ’ ലക്ഷ്യമിടുന്ന അതേ ഉപഭോക്തൃ വിഭാഗത്തെയാണ് പുതിയ സംരംഭവും ഉന്നമിടുന്നത്. രാജ്യത്തെ ഈ ആഡംബര ബ്രാന്റ് വിപണി ഒരു വഴിത്തിരിവിലാണെന്നും, ഇതേ മേഖലയില്‍ കുതിച്ചുയര്‍ന്ന ചൈനയുടെ വിപണിക്ക് 15-20 വര്‍ഷം പിന്നിലാണ് ഇന്ത്യയെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
റിലയന്‍സ് ബ്രാന്‍ഡ്സ് കമ്പനിയിൽ ബാലെന്‍സിയാഗ , ബര്‍ബെറി , ടിഫാനി & കോ ഉള്‍പ്പെടെ 90-ല്‍ അധികം പ്രീമിയം, ആഢംബര ബ്രാന്‍ഡുകളുടെ വന്‍ ശേഖരം റിലയന്‍സ് ബ്രാന്‍ഡ്സ് സ്വന്തമാക്കിയിട്ടുണ്ട്. ഇവയില്‍ പലതും ദീര്‍ഘകാല ഫ്രാഞ്ചൈസി കരാറുകളാണ് . കൂടാതെ, മനീഷ് മല്‍ഹോത്ര, അബു ജാനി സന്ദീപ് ഖോസ്ല തുടങ്ങിയ പ്രമുഖ ഡിസൈനര്‍മാരുടെ സ്ഥാപനങ്ങളില്‍ ഓഹരികള്‍ വാങ്ങിക്കൊണ്ട് ഇന്ത്യന്‍ കൗച്ചര്‍ രംഗത്തേക്കും റിലയന്‍സ് കടന്നു കയറി.
ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടൈല്‍ കമ്പനി പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍മാരായ സബ്യസാചി , തരുണ്‍ താഹിലിയാനി എന്നിവരുടെ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിക്കൊണ്ട് തദ്ദേശീയമായ എത്നിക് ആഢംബര മേഖലയിലാണ് എ.ബി.എഫ്.ആര്‍.എല്‍. ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Ambanis vs Birlas: The Battle for India’s $12 Billion Luxury Market Has Just Begun











