അമേരിക്കക്ക് കടുക്കും, ഇന്ത്യയുടെ വക മറുപണി ഉടൻ? പ്രതികാര തീരുവ ചുമത്തി തിരിച്ചടിക്കാൻ തീരുമാനമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം പ്രതികാരച്ചുങ്കം അടിച്ചേല്‍പ്പിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിന് തിരിച്ചടിയായി അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ട്രംപിന്റെ ഏകപക്ഷീയവും യുക്തിരഹിതവുമായ നടപടികള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത ഇന്ത്യക്കുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ കരുതുന്നതായും തെരഞ്ഞെടുത്ത അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പകരം തീരുവ ചുമത്താനും ഇന്ത്യ തയ്യാറായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ് ഇന്ത്യയിലേക്ക് 45 ബില്യണ്‍ ഡോളറിലധികം വിലവരുന്ന സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. താരിഫ് വര്‍ധനക്ക് മുമ്പ് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 86 ബില്യണ്‍ ഡോളറായിരുന്നു. ഫെബ്രുവരിയില്‍ പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്നും സമഗ്രമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ചില മേഖലകളില്‍ ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ സ്തംഭിച്ചു.

അതോടൊപ്പം റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന് പിഴയായി 25 ശതമാനം അധിക നികുതി ചുമത്താനും യുഎസ് തീരുമാനിച്ചു.ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പ്രശ്‌നം പരിഹരിക്കുന്നത് വരെ വ്യാപാര കരാര്‍ ചര്‍ച്ച വേണ്ടെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. 2024-25 ല്‍ യുഎസ് ഇന്ത്യയിലേക്ക് 13.62 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക്‌സ്, കെമിക്കല്‍സ്, മറ്റ് വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്തു. 2024-ല്‍ ഇന്ത്യയിലേക്കുള്ള യുഎസ് സേവന കയറ്റുമതി ഏകദേശം 16 ശതമാനം ഉയര്‍ന്ന് 41.8 ബില്യണ്‍ ഡോളറിലെത്തി.

തിരിച്ചടി ഇന്ത്യ സജീവമായി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളില്‍ നിന്ന് ട്രംപ് പിന്മാറിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു. അലുമിനിയം, സ്റ്റീല്‍ എന്നിക്ക് ഫെബ്രുവരി മുതല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ജൂണില്‍ തീരുവ ഇരട്ടിയായി 50 ശതമാനമാക്കി. ഇതുകാരണം 7.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചു.ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കെതിരെ അമേരിക്ക അന്യായമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ഇന്ത്യന്‍ നിലപാട്.

More Stories from this section

family-dental
witywide