
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ശിക്ഷയായി ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയ യുഎസ് നടപടിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഓര്‍ഗനൈസര്‍ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്.
‘വ്യാപാര യുദ്ധങ്ങളും താരിഫുകളും യുഎസ് ഇടപെടലിനും രാജ്യങ്ങളുടെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണ് എന്ന് എഡിറ്റോറിയല്‍ പറയുന്നു .
അമേരിക്കയുടെ കുത്തകയ്ക്കു മുന്നില്‍ ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവയ്ക്ക് മാറ്റം വന്നുവെന്നും ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അപ്രസക്തവും കാര്യക്ഷമമല്ലാത്തതുമാണെന്ന് തെളിയിക്കപ്പെടുന്നുവെന്നും എഡിറ്റോറിയല്‍ വാദിച്ചു.
‘വ്യാപാര യുദ്ധങ്ങള്‍, അനാവശ്യമായ താരിഫുകള്‍, ഉപരോധങ്ങള്‍, ഭരണമാറ്റ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വയം പ്രഖ്യാപിത മിശിഹയായ അമേരിക്ക, ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുന്നു,’ – എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക കുത്തകയാക്കിയ അനിയന്ത്രിതമായ ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ‘റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് യുദ്ധം, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ എന്നിവയാണ് ഈ തകര്‍ന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ക്രമത്തിന്റെ ലക്ഷണങ്ങളെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു. ആമസോണ്‍, വാള്‍മാര്‍ട്ട്, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള യുഎസ് ആസ്ഥാനമായുള്ള കമ്പനികളുടെ സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് ‘സ്വദേശി’ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കാനും എഡിറ്റോറിയല്‍ അഭ്യര്‍ത്ഥിച്ചു.
സാമ്പത്തികവും സൈനികവുമായ ശക്തിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഭീഷണിപ്പെടുത്തുന്നത് അമേരിക്ക തുടരുന്നുവെന്നും പുതിയ ഉറച്ച ഭാരതം അടിച്ചമര്‍ത്താന്‍ അവര്‍ എല്ലാ നവ-കൊളോണിയല്‍ കുതന്ത്രങ്ങളും ഉപയോഗിക്കുന്നുവെന്നും എഡിറ്റോറിയലില്‍ പറയുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയെല്ലാം ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളായിരുന്നുവെന്നും ആര്‍എസ്എസ് മുഖപത്രം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യ കണ്ട സാംസ്‌കാരിക പുനരുജ്ജീവനത്തെ അടിച്ചമര്‍ത്താന്‍ ‘നവ-കോളനിവല്‍ക്കരണക്കാരും’ അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള ആഭ്യന്തര ഏജന്റുമാരും സംഘടിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇന്ത്യ റഷ്യന്‍ എണ്ണ തുടര്‍ച്ചയായി വാങ്ങുന്നതിനുള്ള പിഴയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഓഗസ്റ്റ് 6 ന് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തി. ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് നിരക്കിന് പുറമേയായിരുന്നു ഈ തീരുവ. ഇതിനെതിരെ ആര്‍എസ്എസ് ഇതുവരെ മൗനം പാലിക്കുകയായിരുന്നു. ഈ മൗനം ചോദ്യം ചെയ്യപ്പെട്ടതിനു പിന്നാലെയാണ് മുഖപത്രത്തിലെ എഡിറ്റോറിയലിലൂടെയുള്ള പ്രതികരണം എത്തിയത്.