
ന്യൂയോർക്ക്: വൈസ്മെൻ ഇന്റർനാഷണൽ യു എസ് ഏരിയ പ്രസിഡണ്ടായി മലയാളിയായ ജോസഫ് കാഞ്ഞമല (ന്യൂയോർക്ക്) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളായി നാൻസി ലിബി (ലോസ് ആഞ്ചലസ്) – ഏരിയ സെക്രട്ടറി, ഡേവിഡ് വർക്മാൻ (ബോസ്റ്റൺ) – ഏരിയ ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂൺ 29 ഞായറാഴ്ച ലോങ്ങ് അയലണ്ടിൽ നടക്കുന്ന വൈസ് മെൻ നോർത്ത് അറ്റ്ലാൻറ്റിക് റീജിയണൽ കൺവെൻഷനിൽ വച്ച് നടക്കും. സ്ഥാനാരോഹണ ചടങ്ങുകൾക്ക് നിലവിലെ ഏരിയാ പ്രസിഡന്‍റ് ഡഗ്ലസ് ജോൺസ് നേതൃത്വം നൽകും.
1922 ൽ അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ടോളിഡോ എന്ന ഗ്രാമത്തിൽ ജസ്റ്റിസ് പോൾ വില്യം അലക്സാണ്ടർ സ്ഥാപിച്ച നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ്, ഇന്ന് ലോകത്ത് 90 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വൈസ്മെൻ ക്ലബ്. കുടുംബ സൗഹൃദങ്ങളിലും ജീവകാര്യണ്യ പ്രവർത്തനങ്ങളിലും ഊന്നൽ നൽകുന്ന വൈസ്മെൻ, പ്രവർത്തന മികവിനായി ലോകത്ത് എട്ട് ഏരിയകളായി തിരിച്ചിരിക്കുന്നു. അതിൽ ശക്തമായ ഏരിയകളിലൊന്നാണ് അമേരിക്ക. സ്വിറ്റ്സർലാൻഡിലെ ജനീവയിലാണ് വൈസ്മെൻ ഇന്റർനാഷണലിന്‍റെ ഹെഡ്ക്വാർട്ടേഴ്‌സ് സ്‌ഥിതി ചെയ്യുന്നത്.
അമേരിക്കൻ ഏരിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കാഞ്ഞമല, വൈസ്‌മെൻ ഇന്റർനാഷനലിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പതിനഞ്ച് പേരടങ്ങുന്ന അസ്സംബ്ലിയിലെ അംഗമാണ്. അടുത്ത അസംബ്ലി ഈ വർഷം ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെ ജപ്പാനിൽ ആണ് ചേരുക. 2016 ൽ ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്ററിൽ സുഹൃത്തുക്കളോട് ചേർന്ന് പുതിയ ക്ലബ് സ്ഥാപിച്ച്, ‘ചാർട്ടർ’ പ്രസിഡന്റായി വൈസ്‌മെൻ ഇന്റർനാഷണലിൽ പ്രവർത്തിക്കുകയായിരുന്നു ജോസഫ് കാഞ്ഞമല. 2019 മുതൽ രണ്ടു വർഷം വൈസ്‌മെൻ ക്ലബ്ബിൻറെ നോർത്ത് അറ്റ്ലാന്‍റിക് റീജിയന്‍റെ “റീജിയണൽ ഡയറക്ടറായും” സേവനം ചെയ്തിട്ടുണ്ട്. ഇതിനോടകം വൈസ്‌മെൻ ഇന്റർനാഷനലിന്‍റെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചുട്ടുള്ള കാഞ്ഞമല, മികച്ചൊരു സംഘാടകനാണെന്ന് തെളിയിച്ചിട്ടുണ്ട്.
സിറോ മലബാർ കാത്തോലിക് കോൺഗ്രസ് ചിക്കാഗോ രൂപത ജനറൽ സെക്രട്ടറിയായും, ചിക്കാഗോ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള ജോസഫ് കാഞ്ഞമല വിവിധ ജീവ കാരുണ്യ പദ്ധതികളുടെയും ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റ് (സി പി എ) ആയ ജോസഫ് കാഞ്ഞമല, ക്ലെവ്‌ലാൻഡ് ആസ്‌ഥാനമായ അമേരിക്കയിലെ ഏഴ് വലിയ അക്കൗണ്ടിംഗ് ആൻഡ് കാൾസൾട്ടിങ് ഫേമുകളിൽ ഒന്നായ “CBIZ” യുടെ മാനേജിങ് ഡയറക്ടറും പാർട്ണറും ആണ്. ഗ്രേസിയാണ് ഭാര്യ. ജെസ്സിക്ക, ജസ്റ്റിൻ എന്നിവർ മക്കളും. നാട്ടിൽ ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ്.