
തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും അമേരിക്കൻ മലയാളിയുടെ വീടും സ്ഥലവും ഒന്നരക്കോടി രൂപയ്ക്ക് വിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ വെണ്ടർ അനന്തപുരി മണികണ്ഠന്റെ അനുജൻ മഹേഷാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. മഹേഷിന്റെ ആധാരമെഴുത്ത് ലൈസൻസ് നമ്പർ ഉപയോഗിച്ചാണ് വ്യാജ ആധാരം ജനറേറ്റ് ചെയ്തതെന്ന് കണ്ടെത്തി. ഇ-സ്റ്റാമ്പും രജിസ്റ്റർ ഫീസും ഉപയോഗിച്ച് മഹേഷിന്റെ യൂസർ ഐഡിയും പാസ്‌വേർഡും വഴി വ്യാജ ധനനിശ്ചയ, വിലയാധാരങ്ങൾ നിർമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ തിരുവനന്തപുരം നഗരത്തിലെ വസ്തുവും വീടും മെറിൻ ജേക്കബിന് എഴുതിക്കൊടുത്ത ശേഷം ചന്ദ്രസേനനെന്ന ആൾക്ക് മറിച്ചു വിൽക്കുകയായിരുന്നു. ഡോറയുടെ വളർത്തുമകളെന്ന വ്യാജേന മെറിൻ ജനുവരിയിൽ വസ്തു രജിസ്റ്റർ ചെയ്തു. ഡോറ ചുമതലപ്പെടുത്തിയ കെയർടേക്കർ കരം അടയ്ക്കാനെത്തിയപ്പോൾ തട്ടിപ്പ് പുറത്തായി. പിന്നാലെ മ്യുസിയം പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെയാണ് വമ്പൻ തട്ടിപ്പ് പുറത്തായത്.
മെറിനേയും, ഡോറയായി ആൾമാറാട്ടം നടത്തിയ വസന്തയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ആധാർ കാർഡും രേഖകളും ഉണ്ടാക്കിയ മണികണ്ഠൻ ഒളിവിലാണ്. ആധാർ നമ്പർ, രജിസ്ട്രാർ രേഖകൾ, വിരലടയാള പരിശോധന എന്നിവയിലൂടെ പ്രതികളെ കണ്ടെത്തി. മണികണ്ഠനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.