ഇന്ത്യയിലെ ആശുപത്രി അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി; ചെലവായത് വെറും 50 രൂപ, വീഡിയോ വൈറൽ

യുഎസ് യുവതിയുടെ ഇന്ത്യയിലെ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. നാലുവർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്റ്റെൻ ഫിഷർ എന്ന യുവതിയാണ് തന്റെ കൈവിരൽ മുറിഞ്ഞപ്പോൾ ആശുപത്രിയിൽ പോയ അനുഭവം പങ്കുവെച്ചത്.

കൈയിലെ പെരുവിരൽ മുറിഞ്ഞു ഒരുപാട് രക്തം പോയി. ഉടൻ സൈക്കിളുമെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് പോയി. ആകെ 45 മിനുറ്റാണ് അവിടെ ചെലവഴിച്ചത്. മുറിവിന് തുന്നൽ വേണ്ടിവന്നില്ല. ആകെ 50 രൂപ മാത്രമേ എനിക്ക് ചെലവായുള്ളൂ. ഞാൻ താമസിക്കുന്ന വീട്ടിൽ നിന്ന് വെറും അഞ്ച് മിനുറ്റ് മാത്രമേ ആശുപത്രിയിലേക്കുള്ളൂ. ഇന്ത്യയിൽ ആശുപത്രിയിലോ ക്ലിനിക്കിലോ പോകുക, ഡോക്ടറെ കാണുക എന്നിവയെല്ലാം വളരെ എളുപ്പമാണ്.

അടിയന്തര സഹായം ആവശ്യമാണെങ്കിൽ അത് മിനുറ്റുകൾ മാത്രം അകലെയുണ്ട് എന്നറിയുമ്പോൾ ഇന്ത്യയിൽ ജീവിക്കുന്നത് വളരെ സുരക്ഷിതമായാണ് എനിക്ക് തോന്നിയത്. അറിയാത്തവർക്ക് വേണ്ടി പറയാം, അത് യുഎസ്സിലെ 60 സെൻ്റിന് തുല്യമാണ്. ആരോഗ്യപരിചരണത്തിന് യുഎസ്സിലേതിനേക്കാൾ വളരെയധികം കുറഞ്ഞ ചെലവേ ഇന്ത്യയിൽ ഉള്ളൂ. യുഎസ്സിൽ ഭൂരിഭാഗം ഇൻഷൂറൻസ് പ്രീമിയങ്ങൾക്കും മാസം ഒന്നോ രണ്ടോ ഡോളർ ചെലവാകുമെന്നും ക്രിസ്റ്റെൻ പറഞ്ഞു.

നിരവധി പേരാണ് ക്രിസ്റ്റെൻ ഫിഷർ പങ്കുവെച്ച വീഡിയോ കണ്ടതും കമന്റ് ചെയ്തതും. യുഎസ്സിൽ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെൻ്റിനായി പോയ എനിക്ക് 2026 ഫെബ്രുവരിയിലാണ് അപ്പോയിന്റ്മെന്റ് ലഭിച്ചതെന്നും’ഡോക്‌ടർ നിങ്ങളുടെ അയൽവാസിയാണെങ്കിൽ ചിലപ്പോൾ ഒരു രൂപ പോലും വാങ്ങാതെ ചികിത്സിക്കുമെന്നും തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.