അമേരിക്കയുടെ ചരിത്രത്തിലെ ഒരേയൊരു പരിഹരിക്കപ്പെടാത്ത വിമാന റാഞ്ചലിന പിന്നിൽ തന്റെ പിതാവാകാമെന്ന് ഒരു വ്യക്തി പറഞ്ഞത് വീണ്ടും ചർച്ചയാകുന്നു. 1971 നവംബർ 24-ന് ഉച്ചയ്ക്ക്, ഡാൻ കൂപ്പർ എന്ന പേരിൽ ഒരാൾ ഒറിഗണിലെ പോർട്ലാൻഡിൽ നിന്ന് സിയാറ്റിലേക്കുള്ള നോർത്ത് വെസ്റ്റ് ഓറിയന്റ് വിമാനത്തിൽ കയറി. കാഷ് നൽകി ടിക്കറ്റ് വാങ്ങിയ ഇയാൾ ബിസിനസ് സ്യൂട്ട് ധരിച്ചിരുന്നു. കൈവശം ഒരു ബ്രീഫ്‌കേസ് ഉണ്ടായിരുന്നു.
വിമാനം പറന്നുയർന്ന് 42 മിനിറ്റിന് ശേഷം, ബ്രീഫ്‌കേസിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ് ഒരു കുറിപ്പ് ഇയാൾ എയർ ഹോസ്റ്റസിന് നൽകി. തുടർന്ന് 2 ലക്ഷം ഡോളറും നാല് പാരച്യൂട്ടുകളും ആവശ്യപ്പെട്ടു. സിയാറ്റിലിൽ വിമാനം ഇറങ്ങിയപ്പോൾ പണം കൈമാറി യാത്രക്കാരെ വിട്ടയച്ചു. പിന്നീട് മെക്സിക്കോയിലേക്ക് താഴ്ന്ന ഉയരത്തിൽ പറക്കാൻ കൂപ്പർ നിർദേശിച്ചു. തുടർന്ന് വാഷിംഗ്ടൺ സംസ്ഥാനത്തിന്റെ മുകളിലൂടെ 10,000 അടി ഉയരത്തിൽ എത്തിയപ്പോൾ, വിമാനത്തിൻ്റെ പിന്നിലെ വാതിൽ തുറന്ന് പണവുമായി ആ രാത്രിയിൽ അയാൾ പാരച്യൂട്ട് ഉപയോഗിച്ച് ചാടി.
അതിന് ശേഷം ഒരിക്കലും അയാളെ കണ്ടുകിട്ടിയില്ല.എന്നാൽ ഈ കേസ് എഫ്ബിഐ പതിറ്റാണ്ടുകളോളം അന്വേഷിച്ചെങ്കിലും കൂപ്പർ ആരാണെന്നോ, ചാട്ടത്തിൽ ജീവിച്ചിരുന്നോയെന്നോ കണ്ടെത്താനായില്ല. ഇതേ തുടർന്ന് 2016-ൽ അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചു. വിമാനം റാഞ്ചിയ ആൾ സ്വയം വിളിച്ചത് ‘ഡാൻ കൂപ്പർ’ എന്നാണ്. എന്നാൽ മാധ്യമ പിശകിലൂടെ ‘ഡി.ബി. കൂപ്പർ’ എന്ന പേര് ആകുകയായിരുന്നു.
അതേസമയം, കൂപ്പർ വിമാനത്തിൽ ഉപേക്ഷിച്ച കറുത്ത ടൈ പിന്നീട് നിർണായക തെളിവായി. ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ, ടൈറ്റാനിയം, സ്റ്റെയിൻലെസ് സ്റ്റീൽ, പല്ലാഡിയം തുടങ്ങിയ ലോഹ കണങ്ങൾ ഈ ടൈയിൽ കണ്ടെത്തി. 1960–70 കാലഘട്ടത്തിൽ ചില പ്രത്യേക വ്യവസായങ്ങളിൽ മാത്രമേ ഇവ ഉപയോഗിച്ചിരുന്നുള്ളൂ.
2017-ൽ ശാസ്ത്രജ്ഞനും പൈലറ്റുമായ ബിൽ റോളിൻസ്, നാഷ്‌വില്ലിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനും എഞ്ചിനീയറുമായ ജോ ലാകിച്ചാണ് ഡി.ബി. കൂപ്പർ എന്ന് വാദിച്ചു. ലാകിച്ച് രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് കമ്പനിയിൽ ജോലി ചെയ്തു. കൂപ്പറുടെ ടൈയിൽ കണ്ടെത്തിയ ലോഹങ്ങളുമായി ഈ ജോലി ബന്ധപ്പെട്ടിരുന്നതായാണ് റോളിൻസിന്റെ വാദം. വിമാനം റാഞ്ചലിന് 51 ദിവസം മുൻപ് ലാകിച്ചിന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വെടിവെപ്പ് ദുരന്തമാണ് അദ്ദേഹത്തിന്റെ കോപത്തിന് കാരണമായതെന്നാണ് റോളിൻസ് പറയുന്നത്. ഈ സംഭവത്തിന് ശേഷം എഫ്ബിഐക്കെതിരെ ലാകിച്ച് തുറന്നടിച്ചിരുന്നു.
ഈ വാദത്തെ അനുകൂലിച്ച് കൊണ്ടാണ് ലാകിച്ചിന്റെ മകൻ കീത്ത് ബാഗ്‌സ്ബി (56) ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അത് എന്റെ അച്ഛനായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാഹചര്യങ്ങൾ എല്ലാം നോക്കിയാൽ അങ്ങനെ തോന്നുന്നു. പക്ഷേ അദ്ദേഹം ആണെങ്കിൽ അദ്ദേഹം അത് വളരെ നന്നായി മറച്ചുവെച്ചുവെന്ന് കീത്ത് ബാഗ്‌സ്ബി പറഞ്ഞു.എന്നാൽ വിരമിച്ച എഫ്ബിഐ ഏജന്റ് ലാറി കാർ ഉൾപ്പെടെയുള്ളവർ ഈ വാദം തള്ളുന്നു. കൂപ്പർക്ക് പരിമിതമായ സൈനിക പരിശീലനമേ ഉണ്ടായിരുന്നുള്ളൂ എന്നും, ആ രാത്രി പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതിൽ അദ്ദേഹം മരിച്ചിരിക്കാമെന്നും അവർ പറയുന്നു.
50 വർഷത്തിലേറെയായി നൂറുകണക്കിന് പേരുകൾ സംശയിക്കപ്പെട്ടെങ്കിലും, യഥാർത്ഥ കൂപ്പർ ആരെന്നത് ഇന്നും അജ്ഞാതമാണ്. ഒരു ടൈ, കുറച്ച് പണം, യഥാർത്ഥമല്ലാത്ത ഒരു പേര് – ഇവയൊക്കെയാണ് അമേരിക്കയെ ഇന്നും അലട്ടുന്ന ഈ രഹസ്യത്തിന്റെ അവശേഷിപ്പുകൾ.
America’s only unsolved plane hijacking: My father may be behind it, reveals son














