
ന്യൂഡല്‍ഹി : സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള 14 ഭേദഗതികള്‍ ചേര്‍ത്തുള്ളതാണ് പുതുക്കിയ ബില്‍. ഫെബ്രുവരി 13ന് ബിജെപി എംപി ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം.
മുസ്ലീം സ്ത്രീകള്‍ക്കും അമുസ്ലിം പ്രതിനിധികള്‍ക്കും പ്രാതിനിധ്യമുള്ള സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്കൊപ്പം ഒരു കേന്ദ്ര വഖഫ് കൗണ്‍സില്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ ഇത് നിര്‍ദ്ദേശിക്കുന്നു. കേന്ദ്രീകൃത പോര്‍ട്ടലിലൂടെ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയ പരിഷ്‌കരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പ്രധാന സംരംഭമാണ് ബില്‍.
ഒരു വസ്തുവിനെ വഖഫ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയായി തരംതിരിച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനുള്ള പ്രാഥമിക അധികാരിയായി ജില്ലാ കളക്ടറെ നിയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് ബില്ലിലെ വിവാദ വ്യവസ്ഥയായി പ്രതിപക്ഷം ആരോപിക്കുന്നത്. ഭരണഘടനയെയും മുസ്ലീങ്ങളെയും ലക്ഷ്യമിടുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ചര്‍ച്ചയ്ക്ക് ശേഷം പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുകയാണുണ്ടായത്.