
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേര് നൽകിയിട്ടുള്ള ഈ കേന്ദ്രത്തിലായിരിക്കും. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് കെട്ടിടം. വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടം രാവിലെ പതിനൊന്നരയ്ക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തത്.
തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. സി കെ പത്മനാഭൻ സംസ്ഥാന പ്രസിഡന്‍റും പി പി മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്‍റെ നിർമാണം പൂർത്തിയായത്.
പൂർണ്ണമായും കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്. 300 ലധികം ആളുകൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും, മീറ്റിംഗ് സെന്‍ററും മീഡിയ റൂമുകളും ഡിജിറ്റൽ ലൈബ്രറികളും സജ്ജമായിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ പാലുകാച്ചൽ ചടങ്ങ് നടന്നിരുന്നു. പാർട്ടി കാര്യാലയമായും ജനസേവന കേന്ദ്രമായും പ്രവർത്തിക്കുന്നതിനപ്പുറം വികസിത കേരളം ലക്ഷ്യമിട്ടുള്ള പുത്തൻ ആശയങ്ങളുടെ പ്രഭവകേന്ദ്രം കൂടിയാകും പുതിയ മന്ദിരമെന്നാണ് ബിജെപി പറയുന്നത്.