
ഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന ഭീകര സ്ഫോടനത്തെക്കുറിച്ച് പുതിയ വിവരങ്ങൾ ലഭിച്ചു. പൊട്ടിത്തെറിച്ച കാറിനകത്ത് രണ്ടിലധികം പേർ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഹ്യുണ്ടായ് i20 മോഡലിലുള്ള വാഹനമാണ് സ്ഫോടനത്തിന് കാരണമായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.
“വിശദമായ അന്വേഷണം നടക്കുന്നു. എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്,” അമിത് ഷാ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉൾപ്പെടെ വിവിധ ഏജൻസികളുടെ ടീമുകൾ സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഫൂട്ടേജുകൾ വിശകലനം ചെയ്യുന്നു. ആശുപത്രികളിൽ സുരക്ഷാവ്യവസ്ഥകൾ കർശനമാക്കി. പൊലീസ് കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ദില്ലി നഗരത്തിൽ വ്യാപകമായ സ്പെഷ്യൽ സെൽ പരിശോധനകൾ തുടരുന്നു. എയർപോർട്ടുകൾ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ ഉയർന്ന ജാഗ്രത നിർദേശിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അലേർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6:52-ന്, ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-നടുത്തുള്ള ചുവപ്പ് സിഗ്നലിൽ സാവധാനം സഞ്ചരിക്കുന്ന ഒരു കാർ നിന്നു. 6:55-ഓടെ അതിൽ ശക്തമായ സ്ഫോടനം ഉണ്ടായി, തുടർന്ന് അടുത്തുള്ള വാഹനങ്ങളിലേക്ക് തീ പടർന്നു. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. ഒരു കിലോമീറ്റർ അകലെയും സ്ഫോടനശബ്‍ദം കേൾക്കാമായിരുന്നു.









