
ഡൽഹി: 4 ഭൂഖണ്ഡങ്ങളിലും 10 രാജ്യങ്ങളിലുമായി വ്യാപിച്ചുകിടന്ന ആഗോള ലഹരിമാഫിയയെ പിടികൂടിയതിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ആഗോള ലഹരിമാഫിയയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കേരളത്തിലടക്കം നടന്ന അറസ്റ്റുകളെ ചൂണ്ടിക്കാട്ടി, ഈ അന്വേഷണം മൾട്ടി-ഏജൻസി ഏകോപനത്തിന്റെ മികച്ച മാതൃകയാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അമിത് ഷാ അഭിപ്രായപ്പെട്ടു. യു എസിലും ഓസ്‌ട്രേലിയയിലും ഈ ലഹരിമാഫിയകൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
4 ഭൂഖണ്ഡങ്ങളിൽ പ്രവർത്തിച്ച ലഹരിസംഘത്തെ തകർത്തു
നാല് ഭൂഖണ്ഡങ്ങളിലും പത്തിലധികം രാജ്യങ്ങളിലുമായി പ്രവർത്തിച്ചിരുന്ന ലഹരിമാഫിയ സംഘത്തെ തുറന്നുകാട്ടാൻ ഈ അന്വേഷണത്തിലൂടെ സാധിച്ചതായി അമിത് ഷാ വ്യക്തമാക്കി. യുഎസിലും ഓസ്‌ട്രേലിയയിലും ഈ സംഘങ്ങൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ പേയ്‌മെന്റുകളും അജ്ഞാത ഡ്രോപ്പ് ഷിപ്പർമാരും ഉപയോഗിക്കുന്ന സങ്കീർണ്ണമായ രീതികൾ ഇന്ത്യൻ ഏജൻസികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു. എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കൺസൈൻമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ ലഹരിമാഫിയകളെയും തകർത്ത് യുവാക്കളെ സംരക്ഷിക്കുമെന്നും ഷാ ഉറപ്പുനൽകി.















