‘ദുരന്തമുഖത്ത് ഒരു രാഷ്ട്രീയവുമില്ല’, വയനാടിന്‍റെ കണ്ണീരൊപ്പാൻ കേന്ദ്ര സർക്കാർ 898 കോടി ഇതുവരെ നൽകിയെന്ന് അമിത് ഷാ

ഡല്‍ഹി: കേന്ദ്ര സർക്കാരിനെ സംബന്ധിച്ചടുത്തോളം ദുരന്തമുഖത്ത് ഒരു രാഷ്ട്രീയ വ്യത്യാസവുമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഉരുൾപ്പൊട്ടൽ ദുരന്തമേറ്റുവാങ്ങിയ വയനാടിന് നൽകിയ സഹായത്തിന്‍റെ കണക്കുകൾ വിവരിച്ചുകൊണ്ട് പാർലമെന്‍റിലാണ് ഷാ ഇക്കാര്യം പറഞ്ഞത്. വയനാടിന്‍റെ കണ്ണീരൊപ്പാൻ കേന്ദ്ര സർക്കാർ 898 കോടി ഇതുവരെ നൽകിയെന്നും ഷാ വിവരിച്ചു. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിനെ സംബന്ധിച്ചടുത്തോളം ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് കേന്ദ്രം ആവശ്യമായ സഹായം നല്‍കി. ദേശീയ ദുരന്ത നിവാരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചു. മന്ത്രിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കിയെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 530 കോടി രൂപ കൂടി നല്‍കിയെന്നും മൊത്തം 898 കോടി നൽകിയെന്നും അമിത് ഷാ വിവരിച്ചു.

തുടര്‍ സഹായം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നല്‍കും. അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഷാ ഇന്ന് നൽകിയത്.

More Stories from this section

family-dental
witywide