
ഡൽഹി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. കന്യാസ്ത്രീകൾക്ക് ജാമ്യാപേക്ഷയെ ഛത്തീസ്ഗഡിലെ ബി ജെ പി സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നതായി കേരള എം പിമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ അമിത് ഷായുടെ ഉറപ്പടക്കം ലംഘിക്കപ്പെട്ടു എന്ന് വേണം കരുതാൻ. സിസ്റ്റർ പ്രീതി മേരിയുടെയും സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷയെ ഇന്ന് എൻ ഐ എ കോടതിയിൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് മനുഷ്യക്കടത്ത്, മതപരിവർത്തന ആരോപണങ്ങളിൽ ജൂലൈ 25ന് ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യവാദം പൂർത്തിയായി. വിധി നാളെ പ്രഖ്യാപിക്കും.
കേരള എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ, ഛത്തീസ്ഗഢ് സർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നും രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കുമെന്നും അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ ബജ്രംഗ് ദളിന്റെ വാദങ്ങളെ പിന്തുണച്ചതോടെ, ഷായുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് വിമർശനമുയർന്നു.