
ഐഫോണ്‍ 17 സീരീസ് ലോഞ്ചിന് മുന്നോടിയായി ആപ്പിള്‍ സിഇഒ ടിം കുക്കിനെ കണ്ട് അമിതാഭ് ബച്ചന്റെ ചെറുമകളും സംരംഭകയുമായ നവ്യ നവേലി നന്ദ. ‘ഡേ വണ്‍ വിത്ത് ആപ്പിള്‍’ എന്ന് അടിക്കുറിപ്പോടെ ആപ്പിള്‍ പാര്‍ക്ക് സന്ദര്‍ശനത്തിന്റെ ഫോട്ടോകളും വീഡിയോകളും അവര്‍തന്നെയാണ് പങ്കുവെച്ചത്. എസ്‌കോര്‍ട്ട്‌സ് കുബോട്ടയുടെ ചെയര്‍മാനായ നിഖില്‍ നന്ദയുടെയും ശ്വേത ബച്ചന്റെയും മകളാണ് നന്ദ. അമ്മ ശ്വേത ബച്ചനടക്കം നവ്യയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുമുണ്ട്. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘പ്രോജക്റ്റ് നവേലി’ എന്ന സംരംഭത്തിന്റെ സ്ഥാപകയും യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ജനപ്രിയ പോഡ്കാസ്റ്റിന്റെ സഹ-അവതാരകയുമാണവര്‍
ഐഫോണ്‍ 17 സീരിസടക്കം പുറത്തിറക്കുന്ന ‘ഓ ഡ്രോപ്പിംഗ്’ ഇവന്റിന് മുന്നോടിയായാണ് ആപ്പിള്‍ സിഇഒ ടിം കുക്ക് കമ്പനിയുടെ കൂപെര്‍ടിനോയിലെ ആസ്ഥാനത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നവ്യയും എത്തിയത്. ടിം കുക്കുമായി സംവദിക്കാന്‍ അവസരം ലഭിച്ച കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ടെക് റിവ്യൂവര്‍മാര്‍ എന്നിവരുടെ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു നവ്യ നവേലി നന്ദ.
ഫോര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള അവര്‍ ഇപ്പോള്‍ ഐഐഎം അഹമ്മദാബാദില്‍ പാര്‍ട്ട്‌ടൈം എംബിഎ ചെയ്യുകയാണ്.