
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുതിര്‍ന്ന ബിജെപി നേതാവ് അമിത് ഷാ. 2019 മേയ് 30ന് ആഭ്യന്തരമന്ത്രിയായ അമിത്ഷാ, പദവിയില്‍ 2,258 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. ബിജെപി നേതാവ് എല്‍.കെ.അദ്വാനിയുടെയും കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിന്റെയും റെക്കോര്‍ഡുകളെ അമിത് ഷാ മറികടന്നു.
എല്‍.കെ. അദ്വാനി 2,256 ദിവസമാണ് ആഭ്യന്തരമന്ത്രിയായിരുന്നത്. 1998 മാര്‍ച്ച് 19 മുതല്‍ 2004 മേയ് 22 വരെയായിരുന്നു ഇത്. ഗോവിന്ദ് വല്ലഭ് പന്താകട്ടെ, 1955 ജനുവരി 10 മുതല്‍ 1961 മാര്‍ച്ച് 7 വരെ ആകെ 6 വര്‍ഷവും 56 ദിവസവും ആഭ്യന്തരമന്ത്രിയായിരുന്നു.
2019 ബിജെപി മന്ത്രി സഭയുടെ ഭാഗമായ അമിത് ഷാ 2024 ജൂണ്‍ 9 വരെ ആ പദവിയില്‍ തുടര്‍ന്നു. 2024 ജൂണ്‍ 10ന് അദ്ദേഹം വീണ്ടും ആഭ്യന്തരമന്ത്രിയായി. രാജ്യത്തെ ആദ്യത്തെ സഹകരണ മന്ത്രി കൂടിയാണ് അമിത്ഷാ.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷാ. ബിജെപി ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതും അമിത്ഷായുടെ ഭരണകാലത്താണ്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കല്‍, ഭാരതീയ ന്യായ് സംഹിതയുടെ പ്രഖ്യാപനം, മാവോയിസ്റ്റ് കലാപത്തിനെതിരെ ശക്തമായ തിരിച്ചടി തുടങ്ങിയ സുപ്രധാന തീരുമാനങ്ങളിലൂടെ അദ്ദേഹത്തിന്റെ ഭരണകാലയളവ് ഓര്‍മ്മിക്കപ്പെടും.
എന്‍ഡിഎ പാര്‍ലമെന്ററി ഗ്രൂപ്പിന്റെ യോഗത്തില്‍ സംസാരിക്കവെ, ബിജെപി മേധാവി എന്ന നിലയിലുള്ള ഷായുടെ കാലാവധി ശ്രദ്ധേയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിച്ചത്. ‘ഇത് ഒരു തുടക്കം മാത്രമാണ്’ എന്ന് മോദി പറഞ്ഞത് എംപിമാരില്‍ ജിജ്ഞാസ ഉണര്‍ത്തി. എന്നിരുന്നാലും, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ തുടര്‍ച്ചയായ വിജയത്തെക്കുറിച്ചാണ് മോദിയുടെ പരാമര്‍ശമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചു. ഇന്ത്യയുടെ ദൃഢമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ആക്രമണങ്ങളോടുള്ള ഉറച്ച പ്രതികരണത്തിന്റെയും പ്രതീകമാണിതെന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂരിനെ അദ്ദേഹം വിശേഷിപ്പിച്ചത്.