വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചാവക്കാട് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ചാവക്കാട് സ്വദേശിയായ 59 വയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനേഴുപേർ മരിച്ചു. ഈ മാസം മാത്രം ഏഴ് പേർ മരണത്തിന് കീഴടങ്ങി. ഇതുവരെ 66 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന, 90 ശതമാനത്തിലധികം മരണനിരക്കുളള രോഗബാധയാണ് അമീബിക് മസ്തിഷ്‌കജ്വരം.