
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയിൽ ഒരു പതിനേഴുകാരനാണ് രോഗബാധ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. പൂളിലെ വെള്ളത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഈ കുട്ടിയുടെ രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതിന് മുമ്പ് കുട്ടി കൂട്ടുകാർക്കൊപ്പം ഈ സ്വിമ്മിംഗ് പൂളിൽ കുളിച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വര കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.
പുതിയ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണത്തിൽ വ്യക്തത വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് പുതിയ കണക്കുകൾ പുറത്തുവിട്ടു. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്തെന്ന് ഔദ്യോഗികമായി അറിയിച്ചു. മുമ്പ് രണ്ട് മരണം മാത്രമാണ് ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്.
ആകെ 66 കേസുകൾ
ഇതുവരെ ആകെ 66 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഇന്നലെ മാത്രം രണ്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം മാത്രം 19 പേർക്ക് രോഗം ബാധിക്കുകയും 7 പേർ മരിക്കുകയും ചെയ്തു. തലച്ചോറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങളെയും അമീബിക് മസ്തിഷ്ക ജ്വരമാണോ എന്ന് കേരളം പരിശോധിക്കുന്നുണ്ട്. എന്നിട്ടും ഇത്രയും കാലം മരണക്കണക്കുകൾ മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കൃത്യമായ കണക്കുകൾ അത്യന്താപേക്ഷിതമാണ്.