തലനാരിഴക്ക് രക്ഷപ്പെട്ട് എയർഇന്ത്യ; പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജൂണ്‍ 14ന് പുലര്‍ച്ചെ 2.56നായിരുന്നു സംഭവം. എഐ-187 ബോയിങ് 777 വിമാനമാണ് പറന്നുയര്‍ന്ന ഉടനെ 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പൈലറ്റുമാര്‍ ഉടനടി നടപടികള്‍ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടരുകയായിരുന്നു. ശേഷം ഒമ്പത് മണിക്കൂറും എട്ട് മിനുറ്റും പിന്നിട്ട് വിമാനം വിയന്നയില്‍ പറന്നിറങ്ങുകയും ചെയ്തു.

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തം നടന്നതിന് പിന്നാലെയാണ് തലനാരിഴയ്ക്ക് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം രക്ഷപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. പൈലറ്റുമാരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനെ ധരിപ്പിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യാ വക്താവ് വ്യക്തമാക്കി. വിമാനത്തിലെ റെക്കോര്‍ഡുകളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിസിഎയും അന്വേഷണം ആരംഭിക്കുകയും വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യാ വക്താവ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലായിരുന്നു വിമാനം തകര്‍ന്നുവീണത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്നവരും പ്രദേശത്ത് ഉണ്ടായിരുന്നവരും അടക്കം 275 പേരാണ് മരിച്ചത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ മാത്രം രക്ഷപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide