പൊടിക്കാറ്റില്‍ ആടിയുലഞ്ഞു, ലാന്‍ഡ് ചെയ്യാനാകാതെ വട്ടമിട്ട് പറന്നു; ഭയാനക നിമിഷങ്ങളിലൂടെ ഡല്‍ഹിയിലെത്തിയ ഇന്‍ഡിഗോ വിമാനം

ന്യൂഡല്‍ഹി : റായ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കുമ്പോള്‍ നേരിട്ടത് ഭയാനകമായ നിമിഷം. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ പൊടിക്കാറ്റ് കാരണം വിമാനം ആടിയുലയുകയും ലാന്‍ഡിംഗ് വൈകിപ്പിക്കുകയുമായിരുന്നു. ആ സമയത്ത് വിമാനത്താവള പരിസരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിലെത്തിയിരുന്നു.

റായ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന 6E 6313 വിമാനമാണ് മോശം കാലാവസ്ഥയില്‍പ്പെട്ടത്. കുറച്ചുനേരം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന മറ്റൊരു ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയില്‍പ്പെട്ട സംഭവമുണ്ടായിരുന്നു. അന്ന് ഇന്‍ഡിഗോ വിമാനം പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പാക്കിസ്ഥാന്‍ അനുമതി നല്‍കാതിരുന്നത് വാര്‍ത്തയായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയായിരുന്നു. മോശം കാലാവസ്ഥയില്‍ ശ്രീനഗറില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകളും സംഭവിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ സംഭവം.

More Stories from this section

family-dental
witywide