”ആര്യാ രാജേന്ദ്രനെ പോലൊരുമേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ?”, മേയറാകാന്‍ കാത്തിരിക്കുന്ന സൊഹ്റാന്‍ മംദാനിയുടെ പഴയപോസ്റ്റ് വൈറല്‍

ന്യൂയോര്‍ക്ക് മേയര്‍സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിയുടെ പഴയൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീണ്ടും വൈറലാകുന്നു. ഈ തലത്തിലേക്ക് തന്റെ രാഷ്ട്രീയ ജീവിതം എത്തിക്കാന്‍ മംദാനി വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നാണ് പോസ്റ്റിനെക്കുത്തിപ്പൊക്കിയവര്‍ പറയുന്നു. എന്തായിരുന്നു ആ വൈറല്‍ പോസറ്റ് ?

2020ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ 21കാരി ആര്യ രാജേന്ദ്രനെ പരാമര്‍ശിച്ച പോസ്റ്റാണ് മംദാനിയിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്. തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത ‘ഇങ്ങനെയൊരു മേയര്‍ ന്യൂയോര്‍ക്കിനും വേണ്ടേ’ എന്ന് ചോദിച്ചുകൊണ്ട് മംദാനി ഷെയര്‍ ചെയ്തിരുന്നു. 2020-ല്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എങ്ങനെയായിരിക്കണമെന്ന് പറയാന്‍ സിപിഐ എം പുതുച്ചേരിയില്‍ നിന്നുള്ള ഒരു പോസ്റ്റാണ് അദ്ദേഹം പങ്കിട്ടത്. ‘സഖാവ് ആര്യ രാജേന്ദ്രന്‍, വയസ്സ് 21, കേരളത്തിലെ തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍. ലോകത്തിലെ ഒരു പ്രധാന നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരിക്കും അവര്‍,’ സിപിഎം ഹാന്‍ഡില്‍ 2020 ഡിസംബറില്‍ വന്ന ഈ പോസ്റ്റാണ് മംദാനി ഷെയര്‍ ചെയ്തത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ നിലവിലെ മേയര്‍ മേയര്‍ എറിക് ആഡംസ്, സഹ ഡെമോക്രാറ്റുകള്‍ വരെ, പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കിയ ഒരു കമ്മ്യൂണിസ്റ്റാണെന്ന് മംദാനിയെ വിമര്‍ശിച്ചിട്ടുണ്ട്. ഇതിനിടെയാണ് മറ്റൊരു കമ്മ്യൂണിസ്റ്റ് മേയറായ ആര്യയെ മംദാനി പുകഴ്ത്തിയ പോസ്റ്റ് വൈറലാകുന്നത്. മംദാനി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്വിന്റെയും പേരില്‍ തിരിച്ചടികളുടെ ഒരു സുനാമിയാണ് ഇപ്പോള്‍ നേരിടുന്നത്.

സ്വയം പ്രഖ്യാപിക്കുന്ന സോഷ്യലിസ്റ്റും പുരോഗമനവാദിയുമായ മംദാനി യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റാണെന്ന് അവകാശപ്പെടാന്‍ ആളുകള്‍ ഇപ്പോള്‍ പഴയ പോസ്റ്റിനെ ഉപയോഗിക്കുന്നുണ്ട്.

”ഒടുവില്‍ അത് സംഭവിച്ചു, ഡെമോക്രാറ്റുകള്‍ അതിരുകടന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ഡെം പ്രൈമറിയില്‍ വിജയിച്ചു, മേയറാകാനുള്ള പാതയിലാണ്. നമുക്ക് മുമ്പ് റാഡിക്കല്‍ ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു, പക്ഷേ ഇത് അല്‍പ്പം പരിഹാസ്യമായി മാറുകയാണ്,” എന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. പലസ്തീനികള്‍ക്കുവേണ്ടി സംസാരിക്കുകയും ഇസ്രായേലിനെതിരെ ‘വംശഹത്യ’ ആരോപിക്കുകയും ചെയ്ത മംദാനിയോട് ട്രംപിന് വിയോജിപ്പാണ്.

യുഗാണ്ടൻ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും ‘സലാം ബോംബെ’, ‘മണ്‍സൂണ്‍ വെഡ്ഡിങ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. വിജയിച്ചാല്‍ ന്യൂയോര്‍ക്കില്‍ ചരിത്രം കുറിച്ച് ആദ്യത്തെ മുസ്ലീം മേയറാകും. മംദാനിക്ക് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക പാര്‍ട്ടിയുടെ പിന്തുണയുണ്ട്

നിലവില്‍ ക്വീന്‍സിന്റെ ബറോയെ പ്രതിനിധീകരിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ മംദാനിയുടെ ശ്രദ്ധേയമായ നയ നിര്‍ദ്ദേശങ്ങളില്‍ ന്യൂയോര്‍ക്കുകാര്‍ക്ക് വാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസ്, സാര്‍വത്രിക ശിശു സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നു. ഈ നിര്‍ദേശങ്ങളൊക്കെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

More Stories from this section

family-dental
witywide