‘വല്ലാത്തൊരു നിമിഷം’, ഇത് മലയാള സിനിമക്ക് ലഭിച്ച പുരസ്കാരം, എല്ലാവർക്കും നന്ദി; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തിൽ സ്നേഹം പങ്കുവച്ച് മോഹൻലാൽ

ചെന്നൈ: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായതിൽ അതിയായ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. ഈ അവാർഡ് തനിക്ക് മാത്രമല്ല, മലയാള സിനിമയ്ക്കും അതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, മലയാള ഭാഷയ്ക്കും കേരളത്തിനും ഒരുപോലെ ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഈ ബഹുമതിക്കായി തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യൻ ഗവൺമെന്റിനോടും മോഹൻലാൽ നന്ദി രേഖപ്പെടുത്തി. വല്ലാത്തൊരു നിമിഷമാണ് ഇതെന്നും മോഹൻലാൽ വിവരിച്ചു.

ഈ അവാർഡ് തന്റെ പ്രേക്ഷകർക്കും കുടുംബത്തിനും സിനിമാ സഹപ്രവർത്തകർക്കും സമർപ്പിക്കുന്നതായി മോഹൻലാൽ കൂട്ടിച്ചേർത്തു. “എന്നെ ഞാനാക്കിയ സംവിധായകർക്കും സഹപ്രവർത്തകർക്കും ഈ സന്തോഷം പകുത്തുനൽകുന്നു,” അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് മലയാളത്തിന്റെ പ്രിയതാരമായ മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 2023 ലെ പുരസ്‌കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്ന് പുരസ്‌കാര വാര്‍ത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നു. 2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിന് മുമ്പ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത് രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969-ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

Also Read

More Stories from this section

family-dental
witywide