
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മലബാറിലെ ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്. താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന നാലുവരി തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം നാളെ (ഓഗസ്റ്റ് 31-ന് ) മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2134.5 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നിർമ്മാണം.
8.73 കിലോമീറ്റര്‍ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റര്‍ ദൂരം ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത നിർമിക്കുന്നത്. പദ്ധതിയുടെ നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂണ്‍ 18 ന് സംസ്ഥാനത്തിന് ലഭിച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍ദിഷ്ട പദ്ധതി.
വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡുമായാണ് (എസ് എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പന്‍പുഴ- ആനക്കാംപൊയില്‍ റോഡുമായാണ് കോഴിക്കോട് ജില്ലയില്‍ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയില്‍ നിന്നും പത്ത് കിലോ മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.