
കോട്ടയം: പൊന്‍കുന്നം എലിക്കുളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനന്തു അജി(24) യുടെ അസ്വാഭാവിക മരണം വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്ക്. ആര്‍എസ്എസിനെതിരെ അനന്തു പങ്കുവെച്ച കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. സംഘടനയില്‍ നിന്ന് നിരവധി ആളുകള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അനന്തു കുറിപ്പില്‍ ആരോപിച്ചിരുന്നു. തനിക്ക് വിഷാദരോഗമുണ്ട്, കഴിഞ്ഞ ഒന്നര വര്‍ഷമായി തെറാപ്പി എടുക്കുന്നു. താന്‍ ആത്മഹത്യ ചെയ്യുന്നതില്‍ സംഘടന ആണ് ഉത്തരവാദി എന്നും അനന്തു വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിഷയം രാഷ്ട്രീയായുധമാക്കി രംഗത്തെത്തി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കൂടി പ്രതികരിച്ചതോടെ വിഷയം ദേശീയതലത്തിലും ശ്രദ്ധ നേടിയിരുന്നു. ഐടി പ്രൊഫഷണലായ അനന്തുവിന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആര്‍എസ്എസിനെ പരാമര്‍ശിക്കാത്തതിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത വിമർശനമാണ് ഉയർത്തിയത്.
ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടിയുടെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവന്‍ ഖേര ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ചു.
”അനന്തു തന്റെ പോസ്റ്റില്‍ നിരവധി തവണ ആര്‍എസ്എസിന്റെ പേര് പരാമര്‍ശിച്ചു, പക്ഷേ എഫ്ഐആറില്‍ ആര്‍എസ്എസിന്റെ പേര് പോലും പരാമര്‍ശിച്ചിട്ടില്ല. ഇത് എന്ത് തരത്തിലുള്ള ഭീകരതയാണ്… ആര്‍എസ്എസിന്റെ പേര് എഫ്ഐആറില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍, ന്യായമായ അന്വേഷണം പ്രതീക്ഷിക്കാമോ,” അദ്ദേഹം ചോദിച്ചു. സിസ്റ്റം ആര്‍എസ്എസിനെ ഭയപ്പെടുന്നുവെങ്കില്‍ അത് ലജ്ജാകരമാണെന്നും ഐടി പ്രൊഫഷണലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും എന്താണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല, കേന്ദ്രത്തിലെ സര്‍ക്കാര്‍ ”ആര്‍എസ്എസിന്റെയാണെന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചിരുന്നു.
അനന്തുവിന്റെ മരണവും ആത്മഹത്യാ കുറിപ്പും
കഴിഞ്ഞ ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്. മരണശേഷം പബ്ലിഷ് ആകുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് അനന്തു ഉയര്‍ത്തിയത്. സംഘടനയില്‍ നിന്ന് നിരവധി ആളുകള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അനന്തു കുറിപ്പില്‍ ആരോപിച്ചിരുന്നു. ‘എനിക്ക് വിഷാദരോഗമുണ്ട്, കഴിഞ്ഞ ഒന്നര വര്‍ഷമായി തെറാപ്പി എടുക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ഏതെങ്കിലും പെണ്‍കുട്ടി, പ്രണയം, കടം, അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും കാരണത്താലല്ല. എന്റെ ഉത്കണ്ഠയും വിഷാദവും മൂലമാണ് ഇത് ചെയ്യുന്നത്. കൂടാതെ, മരുന്നുകള്‍ കാരണം എനിക്ക് എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല, കുട്ടിക്കാലത്ത് അനുഭവിച്ച ആവര്‍ത്തിച്ചുള്ള ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലമുണ്ടായ മാനസിക രോഗങ്ങള്‍ക്ക് സംഘടന ആണ് ഉത്തരവാദി. ആര്‍എസ്എസിനെ പോലെ ഇത്രയും വെറുപ്പുള്ള സംഘടനയില്ല, വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതു കൊണ്ട് നന്നായി അറിയാം. തെളിവുകള്‍ ഇല്ലാത്തത് കൊണ്ട് എന്നെ ആരും വിശ്വസിക്കില്ലെന്ന് അറിയാം. എന്റെ ജീവിതമാണ് തെളിവായി നല്‍കുന്നത്. ലോകത്ത് ഒരു കുട്ടിക്കും എനിക്ക് സംഭവിച്ചത് പോലെ സംഭവിക്കരുത്,’ അനന്തു കുറിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്
അനന്തുവിന്റെ മരണത്തില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കവെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് ഒടുവില്‍ രംഗത്തെത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതൃത്വം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കി. അനന്തുവിന്റെ മരണം അത്യന്തം വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണെന്നും വര്‍ഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേതെന്നും അച്ഛന്‍ അജി മരണം വരെ സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നുവെന്നും കോട്ടയം വിഭാഗ് കാര്യവാഹ് ആര്‍ സാനു പ്രതികരിച്ചു. അനന്തുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്മോഫുകളിലും വന്ന കുറിപ്പിനിടയായ സാഹചര്യത്തെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.