ന്യൂയോർക്ക്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ (സോഹ്രാൻ മംദാനി) വിജയപ്രസംഗത്തിലെ നേരിട്ടുള്ള വെല്ലുവിളിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറുപടി നൽകി. ബുധനാഴ്ച ട്രൂത്ത് സോഷ്യലിലെ ഹ്രസ്വ പോസ്റ്റിലൂടെ “എന്നാൽ നമുക്ക് തുടങ്ങാം!” എന്ന് കുറിച്ചാണ് ട്രംപ് അതേ നാണയത്തിൽ തിരിച്ചടി നൽകിയത്. 34-കാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് മംദാനി തന്റെ പ്രസംഗത്തിൽ “ഡോണൾഡ് ട്രംപ്, നിങ്ങൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം… ശബ്ദം കൂട്ടിവെച്ചോളൂ” എന്ന് അനുയായികളോട് പറഞ്ഞ് പ്രസിഡന്റിനോട് നേരിട്ട് സംസാരിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ് ഈ മറുപടി. റിപ്പബ്ലിക്കൻ പ്രസിഡന്റും ഡെമോക്രാറ്റ് മേയറും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കമായി ഈ വാക്പോരിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും സ്വേച്ഛാധിപത്യ പ്രവണതകളെയും നേരിട്ടാണ് മംദാനി പ്രതിജ്ഞയെടുത്തത്. “ഡൊണാൾഡ് ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട ഒരു രാജ്യത്തിന് അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കാണിച്ചു കൊടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, അത് അദ്ദേഹത്തിന് ജന്മം നല്‍കിയ ഈ നഗരത്തിനാണ്” എന്ന് അദ്ദേഹം പ്രസംഗിച്ചു. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താനുള്ള വഴി, അയാള്‍ക്ക് അധികാരം നേടാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കലാണെന്നും, ട്രംപിനെയും അദ്ദേഹത്തെ പിന്തുടരുന്നവരെയും ഇങ്ങനെ തടയുമെന്നും മംദാനി വ്യക്തമാക്കി. ട്രംപ് തന്റെ പ്രസിഡന്റ് അധികാരങ്ങൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആവർത്തിച്ച് ഉപയോഗിക്കുന്നതിനെതിരെ ഈ പ്രസംഗം ശക്തമായ വിമർശനമായി.
മംദാനിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ടിംഗ് കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; തിരഞ്ഞെടുപ്പിന് മുമ്പേ കോടിക്കണക്കിന് ഡോളറുകളുടെ ഫണ്ട് തടയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഒമ്പത് മാസം മുമ്പ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾ മൂന്നിടത്തും വിജയിച്ചത് പാർട്ടിക്ക് പുതിയ ഊർജം പകരുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ വിജയം, അടുത്ത വർഷത്തെ കോൺഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റുകൾക്ക് പ്രതീക്ഷയാകുമെന്നും അവർ വിലയിരുത്തി.















