
തിരുവനന്തപുരം : ലൈഫ് മിഷന്‍ തട്ടിപ്പിലെ ഇ.ഡി സമന്‍സില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മകനെ ഉടന്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ അനില്‍ അക്കരയുടെ പരാതി. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ പ്രതിയാകേണ്ടിയിരുന്ന ആളാണെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇടപെട്ട് കേസ് അട്ടിമറിച്ചെന്നും അനില്‍ അക്കര ആരോപിച്ചു. ഇതിന്റെ പ്രതിഫലമാണ് ‘കലുങ്ക്‌സാമി’യായി സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇ.ഡി ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. വിവേകിനു നല്‍കിയ സമന്‍സില്‍ തുടര്‍നടപടികള്‍ എടുക്കാത്തതില്‍ വിശദീകരണം തേടി പരാതി നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞിരുന്നു. പ്രളയത്തിനു ശേഷം 1000 കോടിയാണ് യുഎഇ കേന്ദ്രീകരിച്ച് വിവേക്, സ്വപ്‌ന സുരേഷ്, ഐഎഎസ് ഉദ്യോഗസ്ഥനായ നൂഹ് എന്നിവരുടെ നേതൃത്വത്തില്‍ പിരിച്ചത്. യുഎഇയിലെ വിവിധ ബാങ്കുകളിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് വിവേകാണെന്നും അനില്‍ അക്കര ആരോപിച്ചു.