ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു, ചിത്രം പുറത്ത്

ന്യൂഡൽഹി: അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയസഹോദരനും ബാബാ സിദ്ദീഖി വധക്കേസിലെ മുഖ്യപ്രതിയുമായ അൻമോൽ ബിഷ്ണോയിയെ യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്തു. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ്. എത്തിയ ഉടൻ തന്നെ അൻമോലിന്റെ ആദ്യ ചിത്രം എൻഐഎ പുറത്തുവിട്ടു. 2022 മുതൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ബാബാ സിദ്ദീഖി വധം, സിദ്ദു മൂസവാല കൊലപാതകം, സൽമാൻ ഖാൻ വീട്ടിലെ വെടിവയ്പ്പ് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന കേസുകളിലെല്ലാം അൻമോൽ പ്രതിയാണ്. 2024 ഒക്ടോബർ 12ന് ബാന്ദ്രയിൽ വച്ച് ബാബാ സിദ്ദീഖിയെ വെടിവച്ചു കൊലപ്പെടുത്തിയത് അൻമോലിന്റെ നിർദേശപ്രകാരമാണെന്നാണ് എൻഐഎ കണ്ടെത്തൽ. ഈ വർഷം ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വീടിനു പുറത്ത് നടന്ന വെടിവയ്പ്പിനു പിന്നിലും ഇയാളുടെ പങ്ക് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഫാസിൽക്ക സ്വദേശിയായ അൻമോൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ചാണ് രാജ്യം വിട്ടത്. ദുബായ്, കെനിയ, നേപ്പാൾ വഴി അമേരിക്കയിലെത്തി. കഴിഞ്ഞ വർഷം നവംബറിൽ യുഎസിൽ വച്ച് കസ്റ്റഡിയിലായ ഇയാളെ ഇപ്പോഴാണ് എക്സ്ട്രാഡിഷൻ നടപടികൾ പൂർത്തിയാക്കി ഇന്ത്യയിലെത്തിച്ചത്. അൻ‌മോൾ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

More Stories from this section

family-dental
witywide