
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നുവെന്നും, ഗണപതി മിത്താണെന്ന് പറഞ്ഞവർ ഇപ്പോൾ ഹിന്ദു ധർമത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നും അണ്ണാമലൈ പരിഹസിച്ചു. 2018-ലെ ശബരിമല സംഭവങ്ങളെ ഓർമിപ്പിച്ച അദ്ദേഹം, പന്തളത്ത് നടക്കുന്ന ഈ സംഗമം ഭക്തരുടെ ഐക്യത്തിന്റെ പ്രതീകമാണെന്ന് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് കേരള സർക്കാർ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചതിനെ അണ്ണാമലൈ വിമർശിച്ചു. സനാതന ധർമത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് സ്റ്റാലിനും പിണറായിയുമെന്ന് ആരോപിച്ച അദ്ദേഹം, ഇവർക്ക് ഇത്തരം സംഗമങ്ങൾക്ക് യോഗ്യതയില്ലെന്ന് കുറ്റപ്പെടുത്തി. ഭഗവത്ഗീതയിൽ നരകത്തിലേക്കുള്ള മൂന്ന് വഴികളെക്കുറിച്ച് പറയുന്നുണ്ടെന്നും, ആ മൂന്ന് ഗുണങ്ങളും പിണറായി വിജയനിൽ ഉണ്ടെന്നും അണ്ണാമലൈ പരിഹാസ രൂപേണ പറഞ്ഞു. “കണ്ണാടിയിൽ നോക്കിയാൽ പിണറായിക്ക് തന്നെത്തന്നെ കാണാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
പന്തളത്ത് ഹൈന്ദവ സംഘടനകൾ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ഭക്തരുടെ പാദത്തിൽ തൊട്ട് വണങ്ങിയാണ് അണ്ണാമലൈ പ്രസംഗം ആരംഭിച്ചത്. സനാതന ധർമത്തെ വേര്‍തിരിക്കാൻ ശ്രമിക്കുന്നവരെ ക്ഷണിച്ച് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ നടത്തിയ ആഗോള മുരുക സംഗമത്തിന്റെ പകർപ്പാണ് കേരളത്തിലെ ഈ സംഗമമെന്നും, ഇത് ഭക്തരെ ഉപയോഗിക്കാനുള്ള ശ്രമമാണെന്നും അണ്ണാമലൈ ആരോപിച്ചു.