
കേദാർനാഥ്: കേദാർനാഥ് തീർത്ഥയാത്രയ്ക്കിടെ വീണ്ടും അപകടങ്ങൾ. മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സ്ഥലത്ത് ദുരന്തനിവാരണ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
തീർത്ഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ച ഉണ്ടായ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ അപകടം. ഗുപ്തകാശിയിലെ ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടറാണ് ഗൗരികുണ്ഡിന് സമീപം ഞായറാഴ്ച തകർന്നത്. ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് 7 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹെലികോപ്ടർ സർവ്വീസ് നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു. പൊലീസ് ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസ് എടുത്തത്.