
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് , ചമോലി ജില്ലകളില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഇതേത്തുടര്‍ന്ന് എട്ടുപേരെ കാണാതായെന്ന് വിവരം. കുത്തിയൊലിച്ചെത്തിയ വെളളപ്പാച്ചിലില്‍ നിരവധി കുടുംബങ്ങള്‍പ്പെട്ടുപോയെന്നും പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. രക്ഷാപ്രവര്‍ത്തനം യുദ്ധകാലടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ദുരന്തനിവാരണ സെക്രട്ടറിയുമായും ജില്ലാ മജിസ്‌ട്രേറ്റുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചമോലിയിലെ ദേവാല്‍ മേഖല, രുദ്രപ്രയാഗിലെ ബസുകേദാര്‍ തെഹ്‌സില്‍ എന്നിവിടങ്ങളില്‍ ആണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രുദ്രപ്രയാഗ് ജില്ലയില്‍, അളകനന്ദ, മന്ദാകിനി നദികളുടെ ജലനിരപ്പ് അപകടകരമായി ഉയരുകയാണ്.
ഉത്തരേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുകയാണ്. ഡല്‍ഹിയില്‍ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ മുപ്പതായി. വൈഷ്‌ണോദേവി യാത്രയുടെ ഭാഗമായിരുന്നവരാണ് അപകടത്തില്‍പെട്ടത്.