ഒരു ന്യൂനമർദ്ദം കൂടി രൂപപ്പെടുന്നു, അതിതീവ്ര മഴ ഭീഷണി തുടരും, 7 ദിവസം ജാഗ്രത നിർദ്ദേശിച്ച് മുഖ്യമന്ത്രി, നാളെ 5 ജില്ലകളിലും മറ്റന്നാൾ 11 ജില്ലകളിലും റെഡ് അലർട്ട്, സംസ്ഥാനത്ത് പരക്കെ നഷ്ടം

തിരുവനന്തപുരം: ശക്തമായ കാലവർഷത്തുടക്കമാണ് ഇത്തവണത്തേതെന്നും ഒരാഴ്ച്ച ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശേഷിച്ച് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്ററും ചിലഘട്ടങ്ങളിൽ അതിൽ കൂടുതലും വേഗതയിൽ ഇന്നലെ രാത്രി കാറ്റു വീശി. ചൊവ്വാഴ്ചയോടുകൂടി ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ഒരാഴ്ചത്തേക്ക് വ്യാപകമായ മഴ ലഭിച്ചേക്കാം. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനമാകെ തന്നെ അടുത്ത 7 ദിവസത്തേക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട് എന്നാണ് നിലവിലെ സാഹചര്യം വിലയിരുത്തി സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിവരിച്ചു.

സംസ്ഥാന തല അവലോകനയോഗം ചേർന്ന് തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മുഴുവൻ ജില്ലകളിലും മഴക്കാല പൂർവ്വ അവലോകന യോഗങ്ങളും തയ്യാറെടുപ്പ് പ്രവർത്തനങ്ങളും പൂർത്തിയാക്കി. സംസ്ഥാനത്ത് 9 ടീം NDRF നെ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്തു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി താമസിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകൾ നൽകാൻ സൈറൺ ഉൾപ്പെടെ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ഓഫീസുകളിലും കണ്ട്രോൾ റൂം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് ഇവിടെ ബന്ധപ്പെടാം. സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലേക്ക് 1070 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. ഏത് അടിയന്തര സാഹചര്യത്തിലും 112 എന്ന എമർജൻസി നമ്പറിലും ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

റെഡ് അലർട്ട്


25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഓറഞ്ച് അലർട്ട്

25/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
26/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
27/05/2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
28/05/2025: കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

27/05/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം28/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

More Stories from this section

family-dental
witywide