
ഷാർജ: ദുബൈ ഷാർജയിൽ കുറച്ച് ദിവസം മുൻപ് ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണത്തിൻ്റെ വേദനയിൽ നിന്ന് കരകയറും മുമ്പേ വീണ്ടും മറ്റൊരു മലയാളി യുവതിയുടെ കൂടി ജീവൻ നഷ്ടമായിരിക്കുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ ഇന്നലെ രാത്രിയാണ് ഫ്ലാറ്റിൽ അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതുല്യയുടെ ഭർത്താവ് സതീഷ് ദുബായിൽ കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനീയറാണ്. അതുല്യയും ഭർത്താവും കഴിഞ്ഞ ദിവസം രാത്രിയിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് അതുല്യ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവ് മദ്യപിക്കുന്നയാളായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുൻപ് പരാതി നൽകിയിരുന്നു.
ഇന്നലെ രാത്രിയിൽ ഉണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഒരു സ്ഥാപനത്തിൽ അതുല്യ ജോലിയ്ക്ക് പ്രവേശിക്കേണ്ടതായിരുന്നു. അതുല്യയുടെ സഹോദരി ഷാർജയിലുണ്ട്. ഒന്നരവർഷം മുൻപാണ് സതീഷ് അതുല്യയെ ഷാർജയിൽ കൊണ്ടുവന്നത്. നേരത്തെ ഇവർ ദുബായിലായിരുന്നു താമസിച്ചത്. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.